തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ ദിവസം കേരളത്തില്‍ വൈദ്യുതി മുടങ്ങില്ല. കെഎസ്ഇബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം.ജി. രാജമാണിക്യമാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിനാല്‍ ഞായറാഴ്ച കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോകകപ്പ് സീസണില്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഫൈനല്‍ ദിനത്തില്‍ കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ല എന്ന പ്രഖ്യാപനം വരുന്നത്.
നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെഎസ്ഇബിയിലെ പ്രശ്‌നങ്ങളല്ല. മഴ കുറഞ്ഞതോടെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. ഇതോടെ തത്സമയം വിപണിയില്‍ നിന്നും അധിക വൈദ്യുതി ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വൈദ്യുതിനിയന്ത്രണത്തിൽ അയവുവരുത്താൻ ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതികൂടി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ വാക്കാൽ അനുമതി നൽകി. റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന് ചേർന്ന് ഇതിന് അംഗീകാരം നൽകും. ഒരു വര്‍ഷത്തേയ്ക്ക് 24 മണിക്കൂറും വൈദ്യുതി വാങ്ങാനുള്ള കരാറിന് അനുമതി തേടും. പീക്ക് സമയത്ത് സംസ്ഥാനം നേരിടുന്നത് 400 മുതൽ 500 മെഗാവാട്ടിന്‍റെ കുറവാണ്.
ലോകകപ്പ് ഫൈനലിന് വൈദ്യുതി മുടങ്ങില്ല, ഉറപ്പുപറഞ്ഞ് കെഎസ്ഇബി
