പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെയാണ് (നവംബര്‍ 20) വോട്ടെടുപ്പ്. ഗവ.വിക്ടോറിയ കോളജാണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രം.
വോട്ടെടുപ്പിന് ശേഷം ഇവിടെത്തന്നെയാണ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുക. പത്ത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെയും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെയും പേരുകള്‍ ആദ്യമാണ്. സ്വതന്ത്ര ചിഹ്നമായതിനാല്‍ ഡോ. സരിന്റെ പേര് പട്ടികയില്‍ അക്ഷരമാലയനുസരിച്ച് ഒമ്പതാം സ്ഥാനത്തായത് എല്‍ഡിഎഫിന് അലോസരം ഉണ്ടാക്കിയിട്ടുണ്ട്.
അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 1,94,706 വോട്ടര്‍മാരാണ് ആകെയുള്ളത്. അതില്‍ 1,00,290 പേര്‍ സ്ത്രീകളാണ്. നാല് ഓക്സിലറി ബൂത്തുകളടക്കം 184 ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഏഴെണ്ണം പ്രശ്നബാധിത ബൂത്തുകളാണ്.
അവിടെ കേന്ദ്ര സുരക്ഷാ സേനയ്ക്കാണ് ചുമതല. എല്ലാ പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാള്‍ ആണ് കണ്‍ട്രോള്‍ റൂം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിരിച്ചറിയല്‍ കാര്‍ഡിന് പുറമേ ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ കൂടി വോട്ട് ചെയ്യാന്‍ ഉപയോഗിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പാലക്കാട് മണ്ഡലത്തില്‍ വോട്ടെടുപ്പ് നാളെ; 1,94,706 വോട്ടര്‍മാര്‍; 184 ബൂത്തുകള്‍