കലാകൂട്ടായ്മയുടെ അമരക്കാരന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാകൂട്ടായ്മയുടെ അമരക്കാരന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു


തിരുവനന്തപുരം: കലാസംഘാടകനും കലാസാംസ്കാരിക പ്രവര്‍ത്തകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് രണ്ട് ആഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി സം​ഗീത നാടക അക്കാദമി മുൻ ചെയർമാനാണ്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1951 ഏപ്രിൽ 11ന് കോട്ടയത്തായിരുന്നു ജനനം. പിതാവ്. പരേതനായ പി.നടരാജ പിള്ള. മാതാവ്: പരേതയായ സി.സരസ്വതി അമ്മ. ഇസ്രയേലിലെ ജോലി വിട്ടാണ് അദ്ദേഹം കലാരംഗത്ത് അദ്ദേഹം സജീവമായത്. മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ശില്‍പിയും സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു. 

50 വര്‍ഷത്തോളമായി സൂര്യ മേളയുടെ അമരക്കാരൻ. ഒക്ടോബർ ഒന്നിന് ഈ വർഷത്തെ സൂര്യ ഫെസ്റ്റിവൽ നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച സാംസ്‌കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവല്‍. വിശ്വപ്രതിഭകള്‍ക്കായി അരങ്ങൊരുക്കിയ കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സൂര്യകൃഷ്ണമൂര്‍ത്തി.  ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ  ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ച അദ്ദേഹം, അവിടെനിന്ന് രാജിവെച്ചാണ് മുഴുവൻ സമയ കലാപ്രവർത്തകനായത്. 

രചനയും സംവിധാനവും നിര്‍വഹിച്ച 'മേല്‍വിലാസം' എന്ന നാടകം നാനൂറിലേറെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ നാടകം സിനിമയുമായിരുന്നു. സൂര്യ കൃഷ്ണമൂർത്തി തന്നെയാണ് ഇതിന്റെ തിരക്കഥ എഴുതിയത്. ഇരുപതില്‍പ്പരം രംഗാവതരണങ്ങളുടെ ശില്‍പിയായിരുന്നു. 'സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി'യുടെ സ്ഥാപകനായ അദ്ദേഹം, മലയാള കലയെയും സംസ്കാരത്തെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ്.