മാലി : മാലദ്വീപിലെ സ്‌കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ സ്വദേശിനിയായ സ്മിത എൻ. പിള്ള (35)യ്ക്കാണ് മൂക്കിന് ഗുരുതര പരിക്ക്. സ്മിതയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
മാലദ്വീപിലെ ഗധൂ ദ്വീപിലെ ഗഫ് ധാൽ അടോൾ സ്‌കൂളിലാണ് സംഭവം. ഈ മാസം 12നാണ് ആക്രമണം ഉണ്ടായത്. ക്ലാസ് എടുത്തുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ എട്ടാം ക്ലാസ് വിദ്യാർഥി ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്മിത പലതവണ താക്കീത് നൽകിയെങ്കിലും വിദ്യാർഥി അനുസരിച്ചില്ല. തുടർന്ന് വീഡിയോ പകർത്തി പ്രിൻസിപ്പലിനോട് പരാതി നൽകുമെന്ന് പറഞ്ഞതോടെ വിദ്യാർഥി പ്രകോപിതനായി സ്മിതയുടെ ഫോൺ പിടിച്ചെറിഞ്ഞ് മുഖത്ത് ആക്രമിച്ചതായി ഭർത്താവ് ദീപക് ശശി പറഞ്ഞു.
തുടർച്ചയായി മൂക്കിൽ അടിയേറ്റ് സ്മിത രക്തസ്രാവത്തോടൊപ്പം ബോധരഹിതയായി വീണു. സഹപ്രവർത്തകർ ചേർന്ന് ആംബുലൻസിൽ സമീപ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച ശേഷം കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിശോധനയിൽ മൂക്കിന്റെ എല്ല് പൊട്ടിയതായി കണ്ടെത്തി.
സംഭവത്തെ തുടർന്ന് മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെടുകയും സ്മിതയെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ദീപക് അറിയിച്ചു. ഒരു വർഷം മുൻപാണ് സ്മിത സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്.
മാലദ്വീപിലെ സ്‌കൂളുകളിൽ ഏകദേശം രണ്ടായിരത്തോളം അധ്യാപകരുണ്ടെന്നും, ഇതിൽ 75 ശതമാനവും മലയാളികളാണെന്നും ദീപക് പറഞ്ഞു. ഇവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. സംഭവത്തിൽ സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ക്ലാസിനിടയിൽ കംപ്യൂട്ടർ ഗെയിം കളിച്ചതു ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് വിദ്യാർത്ഥി ഇടിച്ച് തകർത്തു
