തൃശൂര്‍: ബംഗളുരുവില്‍ തെരുവുനായ്ക്കളുടെ സംരക്ഷണ ജോലിക്ക് പോയ തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി സുനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതി ദീപക് കൃഷ്ണനെ കന്യാകുമാരിയില്‍ നിന്ന് പോലീസ് പിടികൂടി. ബെംഗളൂരുവില്‍ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെല്‍ട്ടര്‍ ഹോം നടത്തിവരികയായിരുന്ന ഇയാള്‍, അവിടെ ജോലിക്കെത്തിയ സുനിതയെ ലൈംഗികാതിക്രമം തടഞ്ഞതിനെ തുടര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മെയ് മൂന്നിന് ആണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന സുനിത പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മുമ്പ് കേരളത്തില്‍ വലിയ ചര്‍ച്ചയായ കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിലൂടെ ശ്രദ്ധേയയായ വ്യക്തിയായിരുന്നു സുനിത. അട്ടക്കുളങ്ങര ജയിലില്‍ ഷെറിനൊപ്പം കഴിഞ്ഞിരുന്ന സുനിത, ഉന്നത സ്വാധീനം ഉപയോഗിച്ച് ഷെറിന്‍ ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ അനുഭവിച്ചിരുന്നുവെന്ന് 2025ല്‍ ആരോപിച്ചിരുന്നു. ജയില്‍ മോചിതയായ ശേഷം ഉപജീവനത്തിനായി ബെംഗളൂരുവിലെ ഷെല്‍ട്ടര്‍ ഹോമിലെത്തിയപ്പോഴാണ് ഇവര്‍ ദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായ ദീപക് കൃഷ്ണനെ ബെംഗളൂരു പോലീസിന് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചു.
സുനിതയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി
