എല്ലാം 'ഇരട്ട മയം'; വരൻ, വധു, വൈദികർ, അൾത്താര ശുശ്രൂഷകർ... ചങ്ങനാശേരിയിൽ നടന്നത് ഇരട്ടകളുടെ ആഘോഷദിനം

എല്ലാം 'ഇരട്ട മയം'; വരൻ, വധു, വൈദികർ, അൾത്താര ശുശ്രൂഷകർ... ചങ്ങനാശേരിയിൽ നടന്നത് ഇരട്ടകളുടെ ആഘോഷദിനം


കോട്ടയം: ചങ്ങനാശേരിയിൽ ഇന്ന് ഒരു വിവാഹത്തിനെത്തിയവർ ആകെ വണ്ടറടിച്ച അവസ്ഥയിലായിരുന്നു. കാരണം നോക്കിയിടത്തെല്ലാം ഇരട്ടകളുടെ മേളാങ്കം. വരന്മാരും വധുക്കളും ഇരട്ടകൾ. ഇരട്ട സഹോദരന്മാർ ഇരട്ട സഹോദരിമാരെ വിവാഹം കഴിച്ചു. കർമ്മങ്ങൾ നടത്തിയത് ഇരട്ടകളായ വൈദികർ. വൈദികരെ സഹായിക്കാൻ ഇരട്ടകളായ അൾത്താര ശുശ്രൂഷകർ. ഇങ്ങനെ അപൂർവതകളിൽ അപൂർവത നിറഞ്ഞ ഒരു ചടങ്ങിനാണ് ചങ്ങനാശേരി സാക്ഷിയായത്. 

ബാല്യകാലം മുതൽ മനസ്സിലുണ്ടായിരുന്ന ഒരു സ്വപ്‌നം യാഥാർഥ്യമായതിൻ്റ സന്തോഷത്തിലാണ് രണ്ട് കുടുംബങ്ങളും. ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ പള്ളിയിൽ നടന്ന ചടങ്ങിൽ വെട്ടുപറമ്പിൽ കുഞ്ഞുമോൻ തോമസ്– ജോമോൾ ദമ്പതികളുടെ ഇരട്ടമക്കളായ അഖിൽ കെ തോമസും നിഖിൽ കെ തോമസും കുളത്തൂർ കുമ്പുളുവേലിൽ ടോമിച്ചൻ– മേരിക്കുട്ടി ദമ്പതികളുടെ ഇരട്ടമക്കളായ മാഗി മേരി തോമസിനെയും മരിയ മേരി തോമസിനെയുമാണ് വിവാഹം കഴിച്ചത്. 

വിവാഹത്തെ വ്യത്യസ്‌തമാക്കണമെന്ന ആഗ്രഹം വധുവരന്മാർക്ക് ബാല്യകാലം മുതൽ ഉണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. അതിനാലാണ് വിവാഹ കർമ്മങ്ങൾക്ക് ഇരട്ട വൈദികരെ കണ്ടെത്താൻ പ്രത്യേക ശ്രമം നടത്തിയത്. ഒടുവിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ ഫാ. ആൻ്റോ പെഴുംകാട്ടിലും ഫാ. അജോ പെഴുംകാട്ടിലും ചടങ്ങിന് നേതൃത്വം നൽകാൻ സമ്മതിച്ചു. അൾത്താര ശുശ്രൂഷ നിർവഹിച്ചതാകട്ടെ പാലായിൽ നിന്നുള്ള ഇരട്ട സഹോദരന്മാരായ ജെറോൺ ജെയിംസും ജോഹോൻ ജെയിംസും ആയിരുന്നു.

വരന്മാരായ അഖിലും നിഖിലും മെർച്ചൻ്റ് നേവിയിൽ ജോലി ചെയ്യുമ്പോൾ, വധുക്കളായ മാഗിയും മരിയയും ഐടി മേഖലയിലാണ് പ്രവർത്തിക്കുന്നത്. വ്യത്യസ്‌ത തൊഴിൽ മേഖലകളിലായിരുന്നെങ്കിലും ജീവിതത്തിലെ പുതിയ അധ്യായം ഒരേ വേദിയിൽ ഒരുമിച്ച് ആരംഭിക്കാനായതിൽ ഇരുകുടുംബങ്ങളും സന്തോഷം പങ്കുവച്ചു.

ഇരട്ട വൈദികരും ചടങ്ങിനെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായാണ് വിശേഷിപ്പിച്ചത്- "ഇരട്ടകളുടെ വിവാഹത്തിന് കാർമികത്വം വഹിക്കാനായത് വലിയ അനുഗ്രഹമാണ്. അവർ ഒരുമിച്ച് ജനിച്ചതുപോലെ പുതിയ ജീവിതവും ഒരുമിച്ച് ആരംഭിക്കുകയാണ്. ഞങ്ങളും ഒരുമിച്ചാണ് വൈദിക ജീവിതത്തിലേക്ക് പ്രവേശിച്ചത്. ജീവിതകാലം മുഴുവൻ ഓർക്കുന്ന ഓർമ്മകളാണ് ഇത്തരം നിമിഷങ്ങൾ".