മുഖ്യമന്ത്രിയാക്കില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വി.ഡി സതീശൻ; കെ.സിക്കായി കെ. സുധാകരന്റെ കത്ത്‌

മുഖ്യമന്ത്രിയാക്കില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വി.ഡി സതീശൻ; കെ.സിക്കായി കെ. സുധാകരന്റെ കത്ത്‌


തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ തലസ്ഥാനത്ത് കോൺഗ്രസിന്റെ തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടയിൽ തനിക്ക് അവസരം നൽകുന്നില്ലെങ്കിൽ പുതിയ സർക്കാരിൽ ഒരു ചുമതലയും ഏൽക്കാനില്ലെന്ന് ഹൈക്കമാന്റ് നിയോഗിച്ച നിരീക്ഷകരോട് വി.ഡി സതീശൻ നിലപാട് കടുപ്പിച്ചതായി സൂചന. മുഖ്യമന്ത്രിയാകാനായി സീനിയോരിറ്റി അവകാശപ്പെട്ട് രമേശ് ചെന്നിത്തലയും ഹൈക്കമാന്റ് പ്രതിനിധിയെന്ന സ്വാധീനമുപയോഗിച്ച് കെ.സി വേണുഗോപാലും നിലയുറപ്പിച്ചതോടെയാണ് സതീശൻ നിലപാട്കടുപ്പിച്ചതെന്നാണ് സൂചന. 

. നിയമസഭാകക്ഷിയോഗം ഇന്ദിരാഭവനിൽ ചേരാനിരിക്കെ വി.ഡി.സതീശൻ എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തിയപ്പോളാണ് ഇക്കാര്യം അറിയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. എംഎൽഎമാരുടെ ഭൂരിപക്ഷം മാത്രം കണക്കിലെടുക്കരുതെന്നും പൊതുവികാരവും ഘടകകക്ഷികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും വി.ഡി സതീശൻ നിരീക്ഷകരായ മുകുൾ വാസനിക്കിനോടും, അജയ് മാക്കനോടും പറഞ്ഞു. മറുവശത്ത് കെ.സി. വേണുഗോപാലിനായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ രംഗത്തെത്തി. നേതാക്കളെ മാത്രമല്ല പ്രവർത്തകരെയും  കേൾക്കണം. ഒരുപാട് സതീശന്മാരുണ്ടെന്നും സുധാകരൻ വിമർശിച്ചു. പ്രവർത്തകരുടെ അഭിപ്രായം കേൾക്കണമെന്നും നേതാക്കളുടെ മാത്രം അഭിപ്രായം കേട്ടാൽപോരെന്നും സുധാകരൻ പറഞ്ഞു. ചോരനീരാക്കി പ്രവർത്തിച്ച പ്രവർത്തകരെയും കേൾക്കണം. പ്രതിപക്ഷ നേതാവിന് പറയാനുള്ളതും കേൾക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരീക്ഷകർക്ക് സുധാകരൻ കത്ത് നൽകി. കൊടിക്കുന്നിൽ സുരേഷും ബെന്നി ബഹനാനും എം.കെ. രാഘവനും  കെ.സിയെ പിന്തുണച്ചു. സോണിയ ഗാന്ധി എല്ലാവർക്കും ദൗത്യങ്ങൾ നൽകിയെന്നും എല്ലാവരും ഭംഗിയാക്കിയെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. 
അതേസമയം, വി.ഡി സതീശനായി പ്രവർത്തകരും തെരുവിലേക്ക് ഇറങ്ങുകയാണ്. കണ്ണൂർ ഇരിട്ടിയിൽ വൈകീട്ട് അഞ്ചിന് സതീശനുവേണ്ടി പ്രകടനം നടത്തും. പേരാവൂർ കോൺഗ്രസുകാർ എന്ന പേരിലാണ് വി.ഡിക്കായി ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതിനിടെ ആലപ്പുഴയിൽ കെ.സിക്കെതിരെ ബാനർ പ്രത്യക്ഷപ്പെട്ടു. കെ.സിയെ എം.പിയാക്കിയത് മുഖ്യമന്ത്രിയാക്കാനല്ല, എ.ഡി.തോമസിനെ ജയിപ്പിച്ചത് രാജിവയ്ക്കാനല്ല. ആലപ്പുഴയിൽ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപിക്കരുത് എന്നിങ്ങനെയാണ് കോൺഗ്രസ് സഹയാത്രികർ എന്നപേരിൽ ഇറങ്ങിയ പോസ്റ്ററിൽ പറയുന്നത്.  വി.ഡി സതീശനുവേണ്ടി ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ വാദിച്ച് നടൻ സിദ്ധിഖും രംഗത്തെത്തി.