'കാനഡ എങ്ങനെയെന്ന് എല്ലാവരും ചോദിച്ചു, അവന്റെ ജീവിതം എങ്ങനെയെന്നു ആരും ചോദിച്ചില്ല' ; യുവാവിന്റെ ജീവിതം തുറന്നുകാട്ടിയ കുറിപ്പ് വൈറൽ

'കാനഡ എങ്ങനെയെന്ന് എല്ലാവരും ചോദിച്ചു, അവന്റെ ജീവിതം  എങ്ങനെയെന്നു ആരും ചോദിച്ചില്ല' ; യുവാവിന്റെ ജീവിതം തുറന്നുകാട്ടിയ കുറിപ്പ് വൈറൽ


കാനഡയിൽ ജോലി ചെയ്ത് കുടുംബത്തിനായി മാസങ്ങളോളം പണം അയച്ച യുവാവിന്റെ ജീവിതകഥ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പുറത്തുനിന്ന് നോക്കുന്നവർക്ക് വിജയകരമായ പ്രവാസജീവിതമായി തോന്നുമെങ്കിലും അതിന് പിന്നിൽ ഒളിഞ്ഞിരുന്നത് ഒറ്റപ്പെടലും സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക സമ്മർദങ്ങളുമായിരുന്നു എന്നാണ് പുറത്തുവന്ന വിവരം.

ഫ്രീലാൻസറായ യുവ എന്നയാളാണ് തന്റെ ബന്ധുവിന്റെ ജീവിതാനുഭവം എക്‌സിലൂടെ പങ്കുവച്ചത്. ആറുവർഷമായി കാനഡയിൽ കഴിയുന്ന യുവാവ് എല്ലാ മാസവും വീട്ടിലേക്ക് പണം അയക്കാറുണ്ടായിരുന്നു. അമ്മയുടെ അക്കൗണ്ടിലേക്ക് എത്തുന്ന ആ തുകയാണ് സഹോദരങ്ങളുടെ പഠനച്ചെലവും വാടകയും കുടുംബച്ചെലവുകളും നിറവേറ്റിയിരുന്നത്. ഇതോടെ കുടുംബത്തിന്റെ അഭിമാനവും ആശ്രയവുമായാണ് ഇയാളെ എല്ലാവരും കണ്ടിരുന്നത്.

കഴിഞ്ഞ ക്രിസ്മസിനും വീട്ടുകാരുമായി സംസാരിക്കുമ്പോൾ അദ്ദേഹം സന്തോഷവാൻ തന്നെയായിരുന്നു. 'കാനഡ എങ്ങനെയുണ്ട്?' എന്ന ചോദ്യത്തിന് എല്ലാം സുഖമാണെന്നും ജീവിതം മുന്നോട്ടുപോകുകയാണെന്നും മാത്രമാണ് മറുപടി നൽകിയതെന്ന് യുവ പറയുന്നു.

രണ്ടുവർഷം മുൻപ് യുവാവ് നാട്ടിലെത്തിയപ്പോഴും കുടുംബം വലിയ ആഘോഷമാണ് ഒരുക്കിയത്. ബന്ധുക്കളും സുഹൃത്തുക്കളും ചുറ്റിപ്പറ്റി നിൽക്കുന്ന ചിത്രങ്ങളിൽ എല്ലായിടത്തും ചിരിച്ചുനിൽക്കുന്ന അദ്ദേഹത്തെയാണ് കണ്ടത്. എന്നാൽ ശരീരഭാരം കുറയുകയും ക്ഷീണം പ്രകടമാകുകയും ചെയ്തിരുന്നുവെന്ന് യുവ പിന്നീട് ഓർക്കുന്നു. എന്നാൽ അതെല്ലാം വിദേശത്തെ തണുപ്പിന്റെ ഫലമാണെന്നാണ് കുടുംബം കരുതിയത്.

കഴിഞ്ഞ മാസം എത്തിയ ഒരു ഫോൺകോൾ കുടുംബത്തെ ഞെട്ടിച്ചു. യുവാവിന്റെ സുഹൃത്താണ് അമ്മയെ ബന്ധപ്പെട്ട് യാഥാർഥ്യം തുറന്നുപറഞ്ഞത്. ചില മാസങ്ങളിൽ സ്വന്തമായി ഭക്ഷണം കഴിക്കാൻ പോലും മതിയാകാത്ത വിധം വരുമാനത്തിന്റെ ഭൂരിഭാഗവും വീട്ടിലേക്ക് അയച്ചിരുന്നുവെന്നും പല രാത്രികളിലും ഒറ്റയ്ക്കിരുന്ന് കരയുകയായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.

ഇത് കേട്ട് അമ്മ ഞെട്ടിപ്പോയി. ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും മകൻ ഒന്നും പറഞ്ഞില്ലെന്ന് അവർ ചോദിച്ചു. എന്നാൽ അതിന് യുവ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയത് - 'എല്ലാവരും കാനഡയെക്കുറിച്ചാണ് ചോദിച്ചത്, പക്ഷേ അവൻ എങ്ങനെയാണെന്ന് ആരും ചോദിച്ചില്ലല്ലോ.'

പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. കുടുംബത്തിനായി വർഷങ്ങളോളം സ്വന്തം ജീവിതം ത്യജിക്കുന്ന പ്രവാസികളുടെ യാഥാർഥ്യമാണ് ഈ കഥയിലൂടെ പുറത്തുവരുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. വിദേശത്തുള്ളവർ എല്ലായ്‌പ്പോഴും സന്തോഷത്തോടെയാണെന്ന് കരുതുന്ന സമൂഹത്തിന്റെ സമീപനത്തെയും ഈ സംഭവം ചൂണ്ടിക്കാട്ടി ചിലർ വിമർശിച്ചു.