യാത്രയില്‍ ശുചിത്വമുള്ള ശുചിമുറികള്‍ അറിയണോ; ക്ലൂ ആപ്പ് സഹായിക്കും

യാത്രയില്‍ ശുചിത്വമുള്ള ശുചിമുറികള്‍ അറിയണോ; ക്ലൂ ആപ്പ് സഹായിക്കും


തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ശുചിത്വവും പ്രവേശനവും ഉറപ്പുള്ള ടോയ്‌ലറ്റുകളുടെ ഏകീകൃത ശൃംഖല സൃഷ്ടിക്കുന്നതിനുള്ള ശ്രദ്ധേയമായ പദ്ധതി ക്ലൂ ആപ്പ് പുറത്തിറക്കുന്നു. ശുചിത്വ മിഷനാണ് ആപ് പുറത്തിറക്കുന്നത്. 

ബെംഗളൂരുവിലെ ഒരു സ്റ്റാര്‍ട്ട്അപ്പ് വികസിപ്പിച്ച ഈ ആപ്പ്, സംസ്ഥാനത്തുടനീളമുള്ള പൊതു- സ്വകാര്യ ടോയ്‌ലറ്റുകള്‍ കണ്ടെത്താന്‍ യാത്രക്കാരെ സഹായിക്കും. 

പൊതു ശുചിമുറി സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാനാണ് 'ക്ലൂ' പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തതെന്ന് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ് വ്യക്തമാക്കി. ഹോട്ടലുകളും റെസ്റ്റോറന്റുകളും പൊതുജന ശുചിത്വ ശൃംഖലയില്‍ ഉള്‍ക്കൊള്ളും. 

നിരവധി സ്ഥലങ്ങളില്‍ പൊതുശുചിമുറികള്‍ ആവശ്യത്തിനില്ലെന്നും പലതും ആവശ്യമായ ശുചിത്വ നിലവാരം പാലിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും പ്രധാന യാത്രാ പാതകളില്‍ ഓരോ 15 കിലോമീറ്ററിനുള്ളില്‍ ശുചിത്വമുള്ള ഒരു ടോയ്‌ലറ്റ് ലഭ്യമാകുന്ന സംവിധാനം 'ക്ലൂ' സൃഷ്ടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 

ക്ലൂയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ ഹോട്ടലുകളും റെസ്റ്റോറന്റുകളും അവരുടെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. പകരം ആപ്പില്‍ സൗജന്യ പ്രമോഷന്‍ ലഭിക്കും. ഹോട്ടല്‍- റെസ്റ്റോറന്റ് അസോസിയേഷനുകളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതായും അവര്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ഇതുവരെ 500-ഓളം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും യു വി ജോസ് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഇത് ആയിരം ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് യു വി ജോസ് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ ക്ലൂ ദേശീയ പാതകള്‍, ജില്ലാന്തര മാര്‍ഗങ്ങള്‍, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഓരോ 15 കിലോമീറ്ററിലും കുറഞ്ഞത് ഒരു ഉപയോഗയോഗ്യമായ ടോയ്‌ലറ്റ് ഉറപ്പാക്കാനാണ് പദ്ധതി. രണ്ടാമത്തെ ഘട്ടത്തില്‍ ആപ്പ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം പോലെയുള്ള അധിക സേവനങ്ങളും ഉള്‍പ്പെടുത്തുകയും ചെയ്യും. ജനങ്ങള്‍ ആദ്യം ആപ്പ് ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വിജയത്തിന് അനുസരിച്ചാണ് കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തുക. 'ക്ലൂ'യില്‍ ലിസ്റ്റ് ചെയ്യുന്ന എല്ലാ സൗകര്യങ്ങളും ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും യു വി ജോസ് വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ സംസ്ഥാനത്തെ നിലവിലുള്ള പൊതുശുചിമുറികളുടെ ശുചിത്വ റേറ്റിംഗ് പൂര്‍ത്തിയാക്കി. ഈ റേറ്റിങുകളും ദിവ്യാംഗജര്‍ക്കുള്ള സൗകര്യം, പ്രവര്‍ത്തനസമയം, പുരുഷ- സ്ത്രീ വ്യത്യസ്ത സൗകര്യം, ഉപഭോക്താക്കള്‍ക്ക് മാത്രമോ എല്ലാവര്‍ക്കുമോ എന്ന വിവരങ്ങള്‍ ഉള്‍പ്പെടെ വിശദാംശങ്ങളും ആപ്പ് പ്രദര്‍ശിപ്പിക്കും.

കേരളത്തിന്റെ യാത്രാ സൗഹൃദവും ശുചിത്വമേറിയതുമായ പൊതു- സൗകര്യ ശൃംഖലയിലേക്കുള്ള വലിയ ചുവടുവെയ്പ്പായാണ് 'ക്ലൂ' ആപ്പ് മാറുന്നത്.