ടോക്യോ: ഒരു ചിരി കൊണ്ടു മാത്രം ജപ്പാനിലെ ജനങ്ങളെ ആരാധകരാക്കി രാജകുമാരി ഐകോ. രാജാവ് ഉള്‍പ്പെടെ ആര്‍ക്കും ലഭിക്കാത്ത ജനപ്രിയതയാണ് ഐകോ തന്റെ ചിരിയിലിൂടെ സ്വന്തമാക്കിയത്.
രാജകുടുംബം ഒരുമിച്ച് പോകുന്ന വീഥികളിലെല്ലാം രാജകുമാരിയുടെ പേര് ആര്‍ത്തു വിളിക്കുന്ന ജനക്കൂട്ടം പതിവു കാഴ്ചയായിട്ടുണ്ട്.
ജാപ്പനീസ് ചക്രവര്‍ത്തി നരുഹിറ്റോയുടെയും ചക്രവര്‍ത്തിനി മസാകോയുടെയും ഏക മകളാണ് ഐകോ. ജാപ്പനീസ് രാജകുടുംബത്തിന്റെ പാരമ്പര്യമനുസരിച്ച് ആണ്‍മക്കള്‍ക്കു മാത്രമാണ് കിരീടാവകാശമെന്നതിനാല്‍ ഐകോയ്ക്ക് രാജാധികാരം ലഭിക്കില്ല. എന്നാല്‍ രാജകുടുംബത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ മാറ്റണമെന്നാണ് ഐകോയുടെ ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല രാജവംശത്തിന്റെ ഭാവിക്കു വേണ്ടി ഐകോയ്ക്ക് കിരീടം കൈമാറണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. എന്നാല്‍ ജാപ്പനീസ് പ്രധാനമന്ത്രി സനേ തൈകൈച്ചി ഉള്‍പ്പെടെ ഈ ആവശ്യം അംഗീകരിക്കുന്നില്ല.
ഐകോയെ കുറിച്ച് ആയിരം നാവിലാണ് ആരാധകര്‍ സംസാരിക്കുന്നത്. അതിബുദ്ധിമതിയാണ് ഐകോ എന്നു പറയുന്ന ആരാധകരെ കൂടെ നിര്‍ത്തുന്നതിന് അവരുടെ സ്വഭാവവും പ്രധാന കാരണമാണ്. എല്ലാവരോടും സൗഹൃദത്തോടെ ഇടപഴകുന്നതും നര്‍മഭാഷണവും രാജകുമാരിയുടെ ജനകീയത വര്‍ധിപ്പിക്കാന്‍ സഹായിച്ചു.
ഐകോ രാജകുമാരി കിരീടമണിയുന്നത് കാണുന്നതിനായാണ് കാത്തിരിക്കുന്നതെന്ന് 82കാരനായ സെറ്റ്‌സുകോ മറ്റ്‌സുവോ പറയുന്നു. രാജകുമാരിയെ അത്രയ്ക്കും ഇഷ്ടമാണെന്നും ആ പുഞ്ചിരി ഇഷ്ടപ്പെടുന്നുവെന്നും മറ്റ്‌സുവോ പറയുന്നു. നവംബറില്‍ ചക്രവര്‍ത്തിയെ പ്രതിനിധീകരിച്ച് ആദ്യമായി ഒറ്റയ്ക്ക് ലാവോ സന്ദര്‍ശനം നടത്തിയതോടെയാണ് ഐകോയുടെ ആരാധകരില്‍ പിന്നേയും വര്‍ധനവുണ്ടായത്. അതിനു മുന്‍പ് മാതാപിതാക്കള്‍ക്കൊപ്പം ഐകോ നാഗസാക്കിയിലേക്കും ഒക്കിനാവയിലേക്കും യാത്ര ചെയ്തിരുന്നു.
രാജാധികാര കൈമാറ്റത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കാര്‍ട്ടൂണിസ്റ്റ് യോഷിനോറി കൊബയാശി ഒരു കോമിക് പുസ്തകം പുറത്തിറക്കിയിരുന്നു. ആരാധകരില്‍ ചിലര്‍ ഈ വിഷയത്തിലേക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിന് യൂട്യൂബ് ചാനലുകള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ലഘു ലേഖകള്‍ വിതരണവും മുറയ്ക്ക് നടക്കുന്നുണ്ട്. ഒരു രാജ്ഞി ഉണ്ടാകുന്നത് ജാപ്പനീസ് സ്ത്രീകളഉടെ ജീവിതനിലവാരത്തില്‍ മാറ്റം വരുത്തുമെന്നാണ് പൊതുവേയുള്ള അഭിപ്രായം.
ഹര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസം നേടിയ മസാകോ 2001 ഡിസംബറിലാണ് ഐകോയ്ക്ക് ജന്മം നല്‍കിയത്. അക്കാലത്ത് രാജാധികാരം കൈമാറാന്‍ ആണ്‍കുഞ്ഞ് ജനിക്കാതിരുന്നതിന്റെ പേരില്‍ മസാകോ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത മാനസിക പ്രശ്‌നത്തിലായ മസാകോ ഇപ്പോഴും പരിപൂര്‍ണമായി അസുഖത്തില്‍ നിന്ന് മുക്തി നേടിയിട്ടില്ല. ചെറുപ്പം മുതല്‍ പഠനത്തിലും മറ്റു മേഖലകളിലും വൈദഗ്ധ്യം പ്രകടിപ്പിച്ച ഐകോ കടുത്ത സുമോ ഗുസ്തി ആരാധികയുമാണ്.
ഇപ്പോള്‍ നിറയെ ആരാധകരുണ്ടെങ്കിലും സ്‌കൂള്‍ പഠനകാലത്ത് മെലിഞ്ഞതിന്റെ പേരില്‍ പരിഹസിക്കപ്പെട്ടതിന് ഒരു മാസത്തോളം ഐകോ സ്‌കൂളില്‍ പോയിരുന്നില്ല. 2024ല്‍ ഗാകുഷ്വിന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് പിതാവിനെ രാജകീയ പ്രവര്‍ത്തികളില്‍ സഹായിക്കാന്‍ തുടങ്ങിയത്. റെഡ് ക്രോസ് സൊസൈറ്റിയിലും അവര്‍ സജീവമാണ്.
രാജാധികാരം പുരുഷന്മാര്‍ക്ക് മാത്രമായ ജപ്പാനില്‍ സാധാരണക്കാരെ വിവാഹം കഴിക്കുന്ന രാജകുമാരിമാര്‍ക്ക് രാജപദവി നഷ്ടപ്പെടുകയും ചെയ്യും. നിലവില്‍ 16 അംഗങ്ങളാണ് രാജകുടുംബത്തില്‍ ഉള്ളത്. നരുഹിറ്റോ ചക്രവര്‍ത്തിയുടെ ഇളയ സഹോദരന്‍ അകിഷിനോ ആണ് നിലവിലെ കിരീടാവകാശി.
