ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സെമിയില്‍; പാകിസ്താന് ആറു വിക്കറ്റ് പരാജയം

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സെമിയില്‍; പാകിസ്താന് ആറു വിക്കറ്റ് പരാജയം


ദുബായ്: ഐ സി സി ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെ ആറ് വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യ 42.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം നേടിയത്. വിരാട് കോലി 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ദുബായിലെ വേഗം കുറഞ്ഞ വിക്കറ്റില്‍ പാക് പേസ് ബൗളര്‍മാര്‍ക്കെതിരെ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. മികച്ച ലൈനും ലെങ്തും കണ്ടെത്തിയാണ് പാക് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. 15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സെടുത്ത രോഹിത് ശര്‍മ ഷഹീന്‍ ഷാ അഫ്രീദിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. അഞ്ച് ഓവറില്‍ 31 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ ആ സമയത്തെ സമ്പാദ്യം. 

52 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെ 46 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലിനെ അബ്രാര്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ ചെയ്യുമ്പോള്‍ ഇന്ത്യ 100 റണ്‍സ് നേടിയിരുന്നു.  പിന്നീട് കോലിക്കൊപ്പം ടീമിന്റെ ജയം ഉറപ്പാക്കിയ ശേഷമാണ് ശ്രേയസിന്റെ (67 പന്തില്‍ 56) വിക്കറ്റ് വീണത്. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയെയും (6) നഷ്ടമായി. എന്നാല്‍, കൂടുതല്‍ നഷ്ടമില്ലാതെ കോലിയും അക്ഷര്‍ പട്ടേലും (3) ചേര്‍ന്ന് ജയം കൈവരിച്ചു. 

111 പന്തില്‍ ഏഴ് ബൗണ്ടറി ഉള്‍പ്പെട്ടതാണ് കോലിയുടെ 51-ാം ഏകദിന സെഞ്ച്വറി. ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് റണ്‍ മാത്രം മതിയെന്ന സ്ഥിതിയില്‍ കോലിയുടെ സ്‌കോര്‍ 96 റണ്‍സായിരുന്നു. ഖുഷ്ദില്‍ ഷായ്‌ക്കെതിരേ ബൗണ്ടറിയടിച്ചാണ് കോലി തന്റെ സെഞ്ച്വറിയും ഇന്ത്യന്‍ ജയവും നേടിയെടുത്തത്. 

കുല്‍ദീപ് യാദവ് ഒന്‍പത് ഓവറില്‍ നാല്‍പ്പത് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് ഓപ്പണിങ് ബാറ്റര്‍മാരായ ഇമാമുല്‍ ഹഖിന്റേയും ബാബര്‍ അസമിന്റേയുംവിക്കറ്റുകള്‍ നഷ്ടമായ ശേഷം മധ്യനിര നടത്തിയ തിരിച്ചുവരവാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്.

അക്ഷര്‍ പട്ടേലിന്റെ ഡയറക്ട് ത്രോയില്‍ ഇമാമുല്‍ ഹഖ് (10) റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ അസമിനെ (23) ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. 8.2 ഓവറില്‍ 47 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാനെ മൂന്നാം വിക്കറ്റില്‍ ഒരുമിച്ച സൗദ് ഷക്കീലും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ചേര്‍ന്നാണ് പൊരുതുന്ന നിലയിലാക്കിയത്. 

റിസ്വാനെ (77 പന്തില്‍ 46) അക്ഷര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ ചെയ്തപ്പോള്‍ സൗദ് ഷക്കീലിനെ (76 പന്തില്‍ 62) ഹാര്‍ദിക് പാണ്ഡ്യ തന്നെ അക്ഷറിന്റെ കൈകളിലെത്തിച്ചു. പിന്നാലെ തയ്യിബ് താഹിറിനെ (4) രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ ചെയ്തതോടെ പാക്കിസ്ഥാന്‍ 36.1 ഓവറില്‍ 165ന് 5 എന്ന നിലയിലായി.

തുടര്‍ന്ന് ആഗാ സല്‍മാനും ഖുഷ്ദില്‍ ഷായും ഒരുമിച്ച കൂട്ടുകെട്ട് സ്‌കോര്‍ 200 വരെയെത്തിച്ചു. ഇവര്‍ അപകടകാരികളായി മുന്നേറുന്ന സമയത്താണ് 43-ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ ഇരട്ട പ്രഹരമുണ്ടായത്. സല്‍മാനെ (19) ജഡേജയുടെ കൈയിലെത്തിച്ച കുല്‍ദീപ്, തൊട്ടടുത്ത പന്തില്‍ ഷഹീന്‍ ഷാ അഫ്രീദിയെ (0) വിക്കറ്റിനു മുന്നില്‍ കുരുക്കി.