ഏഷ്യാ കപ്പ് ടി 20 വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

ഏഷ്യാ കപ്പ് ടി 20 വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍


ധാംബുള്ള: നിലവിലുള്ള ചാംപ്യന്‍മാരായ ഇന്ത്യന്‍ വനിതകള്‍ ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ഫൈനലില്‍. സെമിഫൈനലില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ കീഴടക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 80 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 11 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം നേടി. 

ആദ്യ സ്‌പെല്ലില്‍ ബംഗ്ഗാദേശിന്റെ ആദ്യ മൂന്നു ബാറ്റര്‍മാരെയും തിരിച്ചയച്ച പേസ് ബൗളര്‍ രേണുക സിങ്ങാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. നാല് ഓവര്‍ ക്വോട്ട പൂര്‍ത്തിയാക്കിയ രേണുക 10 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 

14 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ ഇടങ്കൈ സ്പിന്നര്‍ രാധ യാദവും മികവ് പുലര്‍ത്തി. നാലോവറില്‍ 25 റണ്‍സിന് ഒരു വിക്കറ്റ് നേടിയ പൂജ വസ്ത്രകാര്‍ മാത്രമാണ് ഓവറില്‍ ശരാശരി ആറ് റണ്‍സിനു മുകളില്‍ വഴങ്ങിയത്.

ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 51 പന്ത് നേരിട്ട സുല്‍ത്താന രണ്ടു ബൗണ്ടറി ഉള്‍പ്പെടെ 32 റണ്‍സുമായി ഇന്നിങ്‌സിലെ അവസാന ഓവറിലാണ് പുറത്തായത്. സുല്‍ത്താനയെ കൂടാതെ ഷോര്‍ന അക്തര്‍ (18 പന്തില്‍ 19) രണ്ടക്ക സ്‌കോര്‍ കണ്ടെത്തി്.

മറുപടി ബാറ്റിങ്ങില്‍ ഷഫാലി വര്‍മയും സ്മൃതി മന്ഥനയും ചേര്‍ന്ന് മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു. 39 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 55 റണ്‍സെടുത്ത സ്മൃതിയും 28 പന്തില്‍ 26 റണ്‍സെടുത്ത ഷഫാലിയും പുറത്താകാതെ നിന്നു.

പാക്കിസ്ഥാനും ആതിഥേയരായ ശ്രീലങ്കയും ഏറ്റുമുട്ടുന്ന രണ്ടാം സെമി ഫൈനലിലെ ജേതാക്കളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. ഞായറാഴ്ച വൈകിട്ട് മൂന്നിനാണ് ഫൈനല്‍.