ഗ്ലാസ്ഗോ: ഒളിമ്പിക് മെഡല്‍ ജേതാവായ മീരാബായ് ചാനു കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തില്‍ സ്വര്‍ണം നേടി തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസ് കിരീടം സ്വന്തമാക്കിയ ചാനു, ഗ്ലാസ്ഗോ 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണവും സമ്മാനിച്ചു.
2018-ലെ ഗോള്‍ഡ് കോസ്റ്റിലും 2022-ലെ ബര്‍മിംഗ്ഹാമിലും സ്വര്‍ണം നേടിയ ചാനു, ഗ്ലാസ്ഗോയിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ 105 കിലോഗ്രാം ഉയര്‍ത്തിയാണ് ഇന്ത്യന്‍ താരം സ്വര്‍ണം ഉറപ്പിച്ചത്.
മത്സരത്തിന്റെ ആദ്യഘട്ടമായ സ്നാച്ചില്‍ 85 കിലോഗ്രാം ഉയര്‍ത്തിയ ചാനു പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡും കോമണ്‍വെല്‍ത്ത് റെക്കോര്‍ഡും സ്ഥാപിച്ചു.
ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് മത്സരത്തില്‍ 82 കിലോഗ്രാമിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ അതേ ഭാരം വിജയകരമായി ഉയര്‍ത്തി തിരിച്ചുവന്നു. മൂന്നാം ശ്രമത്തില്‍ 85 കിലോഗ്രാം ഉയര്‍ത്തി സ്വന്തം ഗെയിംസ്, കോമണ്‍വെല്‍ത്ത് റെക്കോര്‍ഡുകള്‍ വീണ്ടും മെച്ചപ്പെടുത്തി.
സ്വര്‍ണം ഉറപ്പിച്ച ശേഷം 105 കിലോഗ്രാം ഉയര്‍ത്താനുള്ള വെല്ലുവിളിയും ചാനു വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ഗാലറിയില്‍ നിന്ന് വലിയ കൈയടികളോടെയാണ് താരത്തെ ആരാധകര്‍ അഭിനന്ദിച്ചത്. തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണത്തോടെ മീരാബായ് ചാനു തന്റെ സമ്പന്നമായ കരിയറിലേക്ക് മറ്റൊരു തിളക്കമാര്‍ന്ന നേട്ടം കൂടി ചേര്‍ത്തു.
ഇതേസമയം, പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ചനാംബം റിഷികാന്ത സിങ് മികച്ച പ്രകടനം നടത്തിയെങ്കിലും മെഡല്‍ നേടാനായില്ല.
സ്നാച്ചില്‍ 121 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 143 കിലോഗ്രാമും ഉള്‍പ്പെടെ ആകെ 264 കിലോഗ്രാം ഉയര്‍ത്തിയാണ് റിഷികാന്ത് മത്സരം പൂര്‍ത്തിയാക്കിയത്.
സ്നാച്ച് മത്സരത്തില്‍ ആദ്യം 116 കിലോഗ്രാമും തുടര്‍ന്ന് 119 കിലോഗ്രാമും ഉയര്‍ത്തിയ റിഷികാന്ത് അവസാന ശ്രമത്തില്‍ 121 കിലോഗ്രാം വിജയകരമായി ഉയര്‍ത്തി വ്യക്തിഗത മികച്ച പ്രകടനവും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്നാച്ച് റെക്കോര്‍ഡും സ്വന്തമാക്കി. എന്നാല്‍ ആ മികച്ച പ്രകടനം പോലും മെഡല്‍ നേടാന്‍ മതിയായില്ല.
