ന്യൂയോര്‍ക്ക്: അനധികൃത ചൂതാട്ടവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സി, എഫ്ബിഐ രാജ്യവ്യാപകമായി നടത്തിയ വന്‍ ഓപ്പറേഷനില്‍ എന്‍ബിഎ താരങ്ങളും പരിശീലകരും മാഫിയ സംഘാംഗങ്ങളും ഉള്‍പ്പെടെ ഡസന്‍കണക്കിന് ആളുകളെ അറസ്റ്റുചെയ്തു.
അറസ്റ്റിലായവരില്‍ മയാമി ഹീറ്റ് താരം ടെറി റോസിയര്‍യും പോര്‍ട്‌ലാന്‍ഡ് ട്രെയില്‍ ബ്ലേസേഴ്‌സ് പരിശീലകന്‍ ചോണ്‍സി ബില്ലപ്പ്‌സ്യും ഉള്‍പ്പെടുന്നു.
പ്രതികള്‍ക്കെതിരെ എഫ്ബിഐയും യു.എസ്. പ്രോസിക്യൂട്ടര്‍മാരും വ്യാഴാഴ്ച രണ്ട് വ്യത്യസ്ത കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. ഒന്നാമത്തെ കേസില്‍ റോസിയര്‍ അടക്കമുള്ള ആറുപേരെ സ്‌പോര്‍ട്‌സ് ബെറ്റിംഗ് ക്രമക്കേടുകളും കളിയിലെ കൃത്രിമങ്ങളുമായി ബന്ധപ്പെട്ടുമാണ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ കേസില്‍ ബില്ലപ്പ്‌സും മുന്‍ താരങ്ങളും ഉള്‍പ്പെടെ 31 പേരെ മാഫിയ നിയന്ത്രിത അനധികൃത പോക്കര്‍ ഗെയിം വലയത്തില്‍ പങ്കെടുത്തതിന് കുറ്റം ചുമത്തി. ന്യൂയോര്‍ക്കിലെ ബൊനാനോ, ജനറോസെ, ഗാംബിനോ തുടങ്ങിയ ക്രിമിനല്‍ ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
മാര്‍ക്ക് ചെയ്ത കാര്‍ഡുകള്‍ വായിക്കാന്‍ കഴിയുന്ന കോണ്‍ടാക്റ്റ് ലെന്‍സുകളും എക്‌സ്‌റേ ടേബിളുകളും ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ ഗെയിമുകള്‍ കൃത്രിമമായി നിയന്ത്രിച്ചിരുന്നുവെന്ന് എഫ്ബിഐ അറിയിച്ചു. ഇരകളില്‍ നിന്ന് ഏകദേശം ഏഴ് മില്യണ്‍ ഡോളര്‍ തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. 'ഇത് തുടക്കംമാത്രമാണ്. സമൂഹത്തെ ഭീതിയിലാക്കാന്‍ മാഫിയ സംഘങ്ങളെ ഇനി അനുവദിക്കില്ലെന്ന് എഫ്ബിഐ അസിസ്റ്റന്റ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റായ പറഞ്ഞു.
റോസിയറിനെതിരെ 2023-24 എന്‍ബിഎ സീസണില്‍ നടന്ന മത്സരങ്ങളില്‍ പരിക്ക് നടിച്ച് ബെറ്റിംഗ് വിപണി സ്വാധീനിച്ചതായും ആരോപണമുണ്ട്. 9 മിനിറ്റ് മാത്രം കളിച്ച് അഞ്ചു പോയിന്റ് നേടിയാണ് അദ്ദേഹം കളി വിട്ടത്. എന്‍ബിഎ ഇരുവരെയും താല്‍ക്കാലിക അവധിയില്‍ ആക്കിയിരിക്കുകയാണ്. 'കളിയുടെ വിശ്വാസ്യതയാണ് ഞങ്ങളുടെ പരമപ്രാധാന്യം,' എന്ന് ലീഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.
