ബ്രസീല്‍ പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

ബ്രസീല്‍ പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍


ന്യൂയോര്‍ക്ക്: ബ്രസീലിയന്‍ ഇതിഹാസ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. നോര്‍വേയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് 2026 ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെയാണ് 34-കാരനായ താരം ദേശീയ ടീമില്‍ നിന്നും വിടവാങ്ങിയത്. 

മത്സരശേഷം നെയ്മര്‍ വികാരാധീനനായി പ്രതികരിച്ചു. 'ഞാന്‍ ശ്രമിച്ചു... വീണ്ടും വീണ്ടും ശ്രമിച്ചു. ഇനി എല്ലാം അവസാനിച്ചു. ഞാന്‍ ഇവിടെ നിന്നാണ് തുടങ്ങിയത്, ഇവിടെത്തന്നെയാണ് അവസാനിപ്പിക്കുന്നതും,' അദ്ദേഹം പറഞ്ഞു.

2010ല്‍ അമേരിക്കയ്ക്കെതിരായ മത്സരത്തിലൂടെ നെയ്മര്‍ ബ്രസീലിനായി സീനിയര്‍ അരങ്ങേറ്റം കുറിച്ചതും ഇതേ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലായിരുന്നു. 16 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ വേദിയില്‍ തന്നെയാണ് ബ്രസീലിന്റെ മഞ്ഞ ജഴ്സിയിലുള്ള അദ്ദേഹത്തിന്റെ അവസാന മത്സരവും നടന്നത്.

ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് നോക്കൗട്ട് റൗണ്ടിലെത്തിയ ബ്രസീലിനെ നോര്‍വേ അട്ടിമറിക്കുകയായിരുന്നു. മത്സരത്തില്‍ ബ്രസീലിന്റെ ഏക ഗോള്‍ പെനാല്‍റ്റിയിലൂടെ നെയ്മര്‍ നേടിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.

നിരവധി പരിക്കുകള്‍ കരിയറിന്റെ അവസാനഘട്ടത്തെ ബാധിച്ചതിനാല്‍ 2026 ലോകകപ്പാണ് ഫുട്‌ബോളിലെ ഏറ്റവും വലിയ കിരീടം നേടാനുള്ള നെയ്മറുടെ അവസാന അവസരമായിരുന്നത്. എന്നാല്‍ ആ സ്വപ്‌നം യാഥാര്‍ഥ്യമായില്ല.

129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകള്‍ നേടി ബ്രസീലിന്റെ എക്കാലത്തെയും മികച്ച പുരുഷ ഗോള്‍വേട്ടക്കാരനായാണ് നെയ്മര്‍ വിരമിക്കുന്നത്. ഇതോടെ പെലെയുടെ ഔദ്യോഗിക ദേശീയ ടീം ഗോള്‍നേട്ടത്തെ അദ്ദേഹം മറികടന്നു.

കൗമാരപ്രായത്തില്‍ ദേശീയ ടീമിലെത്തിയ നെയ്മര്‍ നാല് ലോകകപ്പുകളില്‍ ബ്രസീലിനെ പ്രതിനിധീകരിച്ചു. എന്നാല്‍ ലോകകപ്പ് കിരീടം മാത്രം അദ്ദേഹത്തിന് നേടാനായില്ല.

2014 ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് സെമിഫൈനലിന് മുമ്പ് പുറത്തായി.

2018 ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റു. 2022 ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരെ അധികസമയത്ത് ഗോള്‍ നേടിയെങ്കിലും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീല്‍ പുറത്തായി. 2026 ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് തോറ്റാണ് ദേശീയ ടീമിലെ കരിയര്‍ അവസാനിച്ചത്.

ലോകകപ്പ് നേടാനായില്ലെങ്കിലും 2016 സമ്മര്‍ ഒളിംപിക്‌സില്‍ ബ്രസീലിനെ ഒളിമ്പിക് സ്വര്‍ണത്തിലേക്ക് നയിച്ചതും 2013 ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ിരീടം സ്വന്തമാക്കിയതും നെയ്മറുടെ ദേശീയ ടീം കരിയറിലെ പ്രധാന നേട്ടങ്ങളാണ്.