ന്യൂയോർക്ക്: ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിൽ എർലിങ് ഹാളണ്ടിന്റെ നിർണായക ഗോളിന്റെ മികവിൽ നോർവേ പ്രീക്വാർട്ടറലേക്ക് മുന്നേറി. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഐവറി കോസ്റ്റിനെ നോർവേ പരാജയപ്പെടുത്തിയത്. 86ാം മിനിറ്റിൽ ഹാളണ്ട് നേടിയ വിജയഗോളാണ് നോർവേയ്ക്ക് അവസാന എട്ടിന് തൊട്ടുമുമ്പുള്ള റൗണ്ടിലേക്കുള്ള വഴി തുറന്നത്. പ്രീക്വാർട്ടറിൽ ബ്രസീലാണ് നോർവേയുടെ എതിരാളി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരുടീമുകളും ആക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്. ആദ്യ മിനിറ്റുകളിൽ ഐവറി കോസ്റ്റിനായിരുന്നു മുൻതൂക്കം. നോർവേയുടെ ഗോൾമുഖത്ത് തുടർച്ചയായി സമ്മർദം സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല. മറുവശത്ത് എർലിങ് ഹാളണ്ടും അലക്‌സാണ്ടർ സോർലോത്തും നയിച്ച നോർവേയും അവസരങ്ങൾ സൃഷ്ടിച്ചു.
35ാം മിനിറ്റിൽ ഇമ്മാനുവൽ അഗ്ബദൗവിന്റെ ശ്രമം നോർവേ ഗോൾകീപ്പർ ഓർജൻ നൈലാൻഡ് മികച്ച സേവിലൂടെ തടഞ്ഞു. തുടർന്ന് ഹാളണ്ടിന്റെ ആക്രമണവും ഐവറി കോസ്റ്റ് ഗോൾകീപ്പർ യഹിയ ഫൊഫാനയുടെ രക്ഷാപ്രവർത്തനവും മത്സരത്തിന്റെ ആവേശം വർധിപ്പിച്ചു.
ഒടുവിൽ 39ാം മിനിറ്റിൽ നോർവേ ലീഡ് നേടി. ഇടതുവിങ്ങിലൂടെ മുന്നേറിയ അന്റോണയോ നൂസ ബോക്‌സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ആദ്യപകുതി 1-0ന് നോർവേയുടെ ലീഡിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ സമനില ലക്ഷ്യമിട്ട് ഐവറി കോസ്റ്റ് ആക്രമണം ശക്തമാക്കി. 55ാം മിനിറ്റിൽ നിക്കോളാസ് പെപ്പെയുടെ ശക്തമായ ഷോട്ട് നൈലാൻഡ് തട്ടിയകറ്റി. തുടർന്ന് നടത്തിയ മാറ്റങ്ങൾ ഫലം കണ്ടു. പകരക്കാരനായി ഇറങ്ങിയ അമദ് ഡിയാലോ വലതുവിങ്ങിലൂടെ നടത്തിയ മനോഹരമായ വ്യക്തിഗത മുന്നേറ്റത്തിനൊടുവിൽ പന്ത് വലയിലെത്തിച്ച് സ്‌കോർ 1-1 ആക്കി.
സമനിലയലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിൽ അവസാന നിമിഷങ്ങളിലാണ് നോർവേ വിജയഗോൾ നേടിയത്. 86ാം മിനിറ്റിൽ പാട്രിക് ബെർഗ് നൽകിയ പാസ് ഹാളണ്ട് കൃത്യമായി ഗോളാക്കി. പിന്നീട് തിരിച്ചടിക്കാൻ ഐവറി കോസ്റ്റിന് അവസരം ലഭിക്കാതിരുന്നതോടെ നോർവേ വിജയമുറപ്പിച്ച് പ്രീക്വാർട്ടർ ടിക്കറ്റ് സ്വന്തമാക്കി.
ഹാളണ്ടിന്റെ വൈകിയ ഗോൾ; ഐവറി കോസ്റ്റിനെ വീഴ്ത്തി നോർവേ പ്രീക്വാർട്ടറിൽ
