കാബൂൾ: പാക്കിസ്താനിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അഫ്ഗാനിസ്ഥാന്റെ വ്യോമാക്രമണം. പാക്കിസ്താൻ അതിർത്തിക്കുള്ളിൽസുരക്ഷിതമായി കഴിയുന്ന ഭീകരസംഘടനയായ ഐ.എസ് അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തുവെന്നാരോപിച്ചാണ് ആക്രമണമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു.
പാകിസ്താനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുഖ്വാ പ്രവിശ്യകളിലെ ഐഎസ് താവളങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് താലിബാന്റെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങൾക്കെതിരായ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഏകോപിപ്പിക്കാനും ഈ കേന്ദ്രങ്ങൾ ഉപയോഗിച്ചിരുന്നതായാണ് താലിബാന്റെ ആരോപണം.
രണ്ട് ദിവസം മുമ്പ് പാകിസ്താൻ അഫ്ഗാനിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് അഫ്ഗാനിസ്ഥാന്റെ തിരിച്ചടി. പാകിസ്താന്റെ ആക്രമണത്തിൽ 28 സാധാരണക്കാർ കൊല്ലപ്പെടുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാനിലെ യുഎൻ സഹായ ഏജൻസി അറിയിച്ചു.
അതിർത്തി മേഖലയിൽ ഇരുരാജ്യങ്ങളും സൈനിക നടപടികൾ ശക്തമാക്കിയതോടെ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.
പാകിസ്താനിൽ വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാൻ; ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് താലിബാൻ
