ടെഹ്‌റാൻ: അമേരിക്കയുമായി ഒപ്പുവെച്ച 14 വിഷയങ്ങളുള്ള ധാരണാപത്രം (MoU) പൂർണമായി നടപ്പാക്കിയ ശേഷമേ അന്തിമ കരാർ ചർച്ചകളിലേക്ക് കടക്കാനാകൂവെന്ന് ഇറാൻ വ്യക്തമാക്കി. ധാരണ ലംഘിക്കപ്പെട്ടാൽ ശക്തമായ തിരിച്ചടി നൽകുമെന്നും യുദ്ധത്തിനും തയ്യാറാണെന്നും ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചാ പ്രതിനിധിയുമായ മുഹമ്മദ് ബാഖർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി.
പേർഷ്യൻ ഗൾഫിൽ അടുത്തിടെ നടന്ന സംഭവങ്ങൾ യുദ്ധവിരാമ ധാരണയുടെ ലംഘനമാണെന്ന് ഇറാൻ വിലയിരുത്തുന്നതായി
ഇറാനിയൻ വാർത്താ ഏജൻസിയായ ഇസ്‌നയ്ക്ക് നൽകിയ അഭിമുഖത്തിൽ, അദ്ദേഹം പറഞ്ഞു. 'ധാരണ ലംഘിച്ചാൽ ഇറാൻ തീർച്ചയായും പ്രതികരിക്കും. അതിന് മറുപടിയായി മറുവിഭാഗവും പ്രതികരിക്കുമെന്നത് സ്വാഭാവികമാണ്,' അദ്ദേഹം പറഞ്ഞു.
നയതന്ത്രപരമായ ചർച്ചകൾക്കാണ് ഇറാൻ ഇപ്പോഴും മുൻഗണന നൽകുന്നതെന്നും എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിക്കും രാജ്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങൾ സംഭാഷണത്തിന്റെ വഴിയാണ് പിന്തുടരുന്നത്. എന്നാൽ ധാരണ നടപ്പാകുന്നില്ലെങ്കിൽ യുദ്ധത്തിനും തയ്യാറാണ്. അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു.
ധാരണാപത്രം നടപ്പാക്കുന്നത് സംബന്ധിച്ച് ഖത്തറിലെ ദോഹയിൽ അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ മധ്യസ്ഥരുടെ സാന്നിധ്യത്തിൽ പ്രത്യേക ചർച്ചകൾ നടത്താനിരിക്കെയാണ് ഗാലിബാഫിന്റെ പരാമർശം.
അമേരിക്കയുടെ ഉപരോധത്തെ തുടർന്ന് ഏകദേശം 50 മുതൽ 60 ദിവസം വരെ ഒരു ബാരൽ ക്രൂഡ് ഓയിൽ പോലും കയറ്റുമതി ചെയ്യാൻ ഇറാന് സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തുറമുഖങ്ങളിലെ ഉപരോധം നീക്കിയശേഷം 4 കോടി ബാരലിലധികം എണ്ണ കയറ്റുമതി ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു.
തുറമുഖ ഉപരോധം പിൻവലിച്ചത് ധാരണാപത്രത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. കടൽ ഉപരോധം ഏറ്റവും കഠിനമായ യുദ്ധരീതികളിലൊന്നാണെന്നും അത് അവസാനിപ്പിക്കാൻ കഴിഞ്ഞത് വലിയ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കൻ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റികോഫും പ്രസിഡന്റ് ട്രംപിന്റെ മരുമകനായ ജാരെഡ് കുഷ്‌നറും ചർച്ചകൾ മന്നോട്ടുകൊണ്ടപോകാൻ ദോഹയിലെത്തിയിട്ടുണ്ട്. എന്നാൽ അമേരിക്കൻ പ്രതിനിധി സംഘവുമായി നേരിട്ടുള്ള ചർച്ചകൾക്ക് പദ്ധതിയില്ലെന്നും മധ്യസ്ഥർ വഴിയാണ് ചർച്ചകൾ തുടരുന്നതെന്നും ഇറാൻ ആവർത്തിച്ചു.
ഇതിനിടെ, ഖത്തർ പ്രധാനമന്ത്രി സ്റ്റീവ് വിറ്റ്‌കോഫുമായും ജാരെഡ് കുഷ്‌നറുമായും കൂടിക്കാഴ്ച നടത്തി. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ വിജയകരമാക്കാൻ ഖത്തർ തുടർന്നും മധ്യസ്ഥത വഹിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ധാരണാപത്രം നടപ്പായില്ലെങ്കിൽ യുദ്ധത്തിനും തയ്യാറെന്ന് ഇറാൻ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി പാർലമെന്റ് സ്പീക്കർ
