ലണ്ടന്‍: ഇന്ത്യന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീം അംഗമായ പാകിസ്താന് വംശജന് ഇന്ത്യ വിസ നിഷേധിച്ചു. ഇന്ത്യന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടി20 ടീമില്‍ അംഗമായ ഫാസ്റ്റ് ബൗളര്‍ സാക്കിബ് മെഹ്മൂദിനാണ്് ഇന്ത്യ വിസ നിഷേധിച്ചത്. മറ്റെല്ലാ താരങ്ങള്‍ക്കും വിസ അനുവദിച്ചെങ്കിലും സാക്കിബിന് വിസ ലഭിച്ചില്ല.
ജനുവരി 22നാണ് ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരം. ഇംഗ്ലണ്ടിനായി രണ്ട് ടെസ്റ്റും ഒമ്പത് ഏകദിനങ്ങളും കളിച്ചിട്ടുള്ള സാക്കിബ് ഈ പരമ്പരയില്‍ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
യുഎഇയില്‍ ജയിംസ് ആന്‍ഡേഴ്സന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന ക്യാംപില്‍ ചേരേണ്ടതായിരുന്നു സാക്കിബ്. ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്സണ്, ബ്രൈഡണ്‍ കാഴ്സ്, മാര്‍ക്ക് വുഡ് എന്നിവരാണ് ക്യാംപിനുള്ള മറ്റ് ഫാസ്റ്റ് ബൗളര്‍മാര്‍.
ഇന്ത്യ വിസ നിഷേധിച്ച സാഹചര്യത്തില്‍ സാക്കിബിനെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) യു എ ഇയിലേക്കും അയച്ചിട്ടില്ല. അദ്ദേഹത്തിനു വേണ്ടി ബുക്ക് ചെയ്തിരുന്നു വിമാന ടിക്കറ്റും റദ്ദാക്കി.
പിന്നീട് ഇന്ത്യയിലെത്തി ഇംഗ്ലണ്ട് ടീമിനൊപ്പം സാക്കിബ് ചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ അംഗമായിരുന്ന പാക് വംശജനായ ലെഗ് സ്പിന്നര്‍ രെഹാന്‍ അഹമ്മദിനും ഇന്ത്യ വിസ നിഷേധിച്ചിരുന്നു. എന്നാല്‍, നയതന്ത്ര ഇടപെടലിനെത്തുടര്‍ന്ന് വിസ അനുവദിച്ചതോടെ രെഹാന്‍ പരമ്പരയ്ക്കിടെ ഇന്ത്യയിലെത്തി ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാന്‍ സാധിച്ചിരുന്നു.