റൊണാൾഡോയുടെ ഇരട്ടഗോൾ മികവ്; ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ പ്രീക്വാർട്ടർ വക്കിൽ

റൊണാൾഡോയുടെ ഇരട്ടഗോൾ മികവ്; ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ പ്രീക്വാർട്ടർ വക്കിൽ


ഹൂസ്റ്റൺ: നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഇരട്ടഗോൾ മികവിൽ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി പോർച്ചുഗൽ ഫിഫ ലോകകപ്പിൽ നിർണായക ജയം സ്വന്തമാക്കി. ടെക്‌സാസിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് കെ മത്സരത്തിൽ തുടക്കം മുതൽ അവസാനവരെ പോർച്ചുഗലിന്റെ സമ്പൂർണ ആധിപത്യമാണ് കണ്ടത്.

ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് സമനില വഴങ്ങിയതിന്റെ സമ്മർദ്ദത്തിലിറങ്ങിയ പോർച്ചുഗൽ, ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ജാവോ കാൻസെലോയുടെ ക്രോസിൽ നിന്ന് റൊണാൾഡോ ഗോൾ നേടി ടീമിന് ലീഡ് സമ്മാനിച്ചു. ഇതോടെ ആറ് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന അപൂർവ നേട്ടവും റൊണാൾഡോ സ്വന്തമാക്കി.

17ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നുണ്ടായ നീക്കത്തിനൊടുവിൽ നുനോ മെൻഡസ് വലകുലുക്കി പോർച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കി. തുടർന്ന് 39ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് റൊണാൾഡോ വീണ്ടും ലക്ഷ്യം കണ്ടതോടെ സകോർ 30 ആയി. ഈ ഗോളോടെ ലോകകപ്പിൽ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന യുസേബിയോയുടെ റെക്കോർഡും റൊണാൾഡോ മറികടന്നു.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഉസ്‌ബെക്കിസ്ഥാൻ ഒരു ഗോൾ നേടിയെങ്കിലും വീഡിയോ പരിശോധനയിൽ ഫൗൾ കണ്ടെത്തിയതിനെ തുടർന്ന് അത് അനുവദിച്ചില്ല.

രണ്ടാം പകുതിയിലും ആക്രമണം തുടർന്ന പോർച്ചുഗൽ 60ാം മിനിറ്റിൽ നാലാം ഗോൾ നേടി. ബ്രൂണോ ഫെർണാണ്ടസും ജാവോ ഫെലിക്‌സും ചേർന്നൊരുക്കിയ നീക്കത്തിനൊടുവിൽ ഉസ്‌ബെക്കിസ്ഥാൻ പ്രതിരോധ താരം അബ്ദുകോദിർ ഖുസനോവിന്റെ ശരീരത്തിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറുകയായിരുന്നു.

ഹാട്രിക് നേടാനുള്ള നിരവധി അവസരങ്ങൾ റൊണാൾഡോയ്ക്ക് ലഭിച്ചെങ്കിലും ഉസ്‌ബെക്ക് ഗോൾകീപ്പർ അബ്ദു വോഹിദ് നെമാതോവിന്റെ മികച്ച സേവുകൾ തടസ്സമായി. മത്സരാവസാനത്തിന് മൂന്ന് മിനിറ്റ് മുൻപ് പകരക്കാരനായി ഇറങ്ങിയ റാഫേൽ ലിയാവോ നെൽസൺ സെമെഡോയുടെ പാസിൽ നിന്ന് അഞ്ചാം ഗോൾ നേടി പോർച്ചുഗലിന്റെ വമ്പൻ ജയം പൂർത്തിയാക്കി.

രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റും മികച്ച ഗോൾശരാശരിയുമുള്ള പോർച്ചുഗൽ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം ഏറെക്കുറെ ഉറപ്പിച്ചു. ലോകകപ്പിലെ ആദ്യ പങ്കാളിത്തം നടത്തുന്ന ഉസ്‌ബെക്കിസ്ഥാന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.