റിഗ: റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വിവാദ വെളിപ്പെടുത്തലിലൂടെ ശ്രദ്ധ നേടിയ റഷ്യൻ മാധ്യമപ്രവർത്തകൻ ഗ്രിഗറി നെഖൊറോഷെവ് (69) ലാത്വിയയിൽ മരിച്ചു. വിഷമുള്ള കൂൺ ഭക്ഷിച്ചതിനെ തുടർന്നാണ് മരണമെന്ന് ലാത്വിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂൺ 19ന് ലാത്വിയൻ തലസ്ഥാനമായ റിഗയിലായിരുന്നു അന്ത്യം. കഴിഞ്ഞ 11 വർഷമായി രാഷ്ട്രീയ അഭയാർത്ഥിയായി റിഗയിൽ താമസിച്ചുവരികയായിരുന്നു അദ്ദേഹം. സ്വന്തം വീടിന്റെ പിൻഭാഗത്ത് നിന്ന് ശേഖരിച്ച വിഷക്കൂണുകൾ അബദ്ധത്തിൽ ഭക്ഷിച്ചതാണ് മരണകാരണമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
2008ൽ പുടിനും മുൻ ഒളിമ്പിക് ജിംനാസ്റ്റിക് ചാമ്പ്യനായ അലീന കബയേവയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ച റഷ്യൻ പത്രത്തിന്റെ എഡിറ്റർഇൻചീഫായിരുന്നു നെഖൊറോഷെവ്. ആ റിപ്പോർട്ട് റഷ്യയിൽ വലിയ വിവാദമായിരുന്നു.
പുടിന്റെ മുൻ ഭാര്യ ല്യുഡ്മിലയെ വിവാഹമോചനം ചെയ്ത് അലീന കബയേവയെ വിവാഹം കഴിക്കാൻ അദ്ദേഹം പദ്ധതിയിടുന്നുവെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. വാർത്ത പുറത്തുവന്നതിന് പിന്നാലെ പത്രം പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. തുടർന്ന് സുരക്ഷാ ഏജൻസികളുടെ ചോദ്യംചെയ്യലും ഭീഷണിയും നേരിട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
റഷ്യൻ ഭാഷാ ബൗദ്ധിക സമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെട്ട വ്യക്തിയായിരുന്നു നെഖൊറോഷെവ്. 'അദ്ദേഹത്തിന്റെ വേർപാട് വിശ്വസിക്കാനാവാത്ത നഷ്ടമാണ്' എന്ന് ലാത്വിയയിൽ താമസിക്കുന്ന മാധ്യമപ്രവർത്തക ബോഷേന റിൻസ്‌ക പ്രതികരിച്ചു.
മരണത്തിന് തൊട്ടുമുമ്പ് കണ്ട മാധ്യമപ്രവർത്തകൻ ഇഗോർ വറ്റോളിൻസ് പറയുന്നത്, 'രോഗബാധിതനോ പ്രായം തളർത്തിയവനോ അല്ലായിരുന്നു അദ്ദേഹം. നിരവധി പദ്ധതികളുമായി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു' എന്നതാണ്.
ലാത്വിയയിൽ കഴിയുന്നതിനിടെ പുടിന്റെ അനുയായികളിൽ നിന്ന് ആക്രമണം ഉണ്ടാകുമോ എന്ന ആശങ്ക നെഖൊറോഷെവിന് ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. 'പുടിന്റെ സ്വകാര്യ ബന്ധത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത് നെഖൊറോഷെവായിരുന്നു. അത് പുടിൻ ഒരിക്കലും മറന്നിട്ടില്ല,' വറ്റോളിൻസ് പറഞ്ഞു.
അതേസമയം, അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നതിന് നിലവിൽ തെളിവുകളൊന്നുമില്ല. എന്നാൽ പുടിനെ വിമർശിച്ച നിരവധി പ്രമുഖർ മുമ്പ് ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവങ്ങൾ വീണ്ടും ചർച്ചയാകുകയാണ്.
2006ൽ അന്വേഷണാത്മക മാധ്യമപ്രവർത്തകയായ അന്ന പോളിറ്റ്‌കോവ്‌സ്‌കയ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മുൻ എഫ്എസ്ബി ഉദ്യോഗസ്ഥൻ അലക്‌സാണ്ടർ ലിറ്റ്വിനെൻകോ ലണ്ടനിൽ റേഡിയോ ആ്ര്രകീവ് വിഷബാധയെ തുടർന്ന് മരിച്ചു. 2015ൽ പ്രതിപക്ഷ നേതാവ് ബോറിസ് നെംത്സോവ് ക്രെംലിനടുത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു. വാഗ്‌നർ ഗ്രൂപ്പ് തലവൻ യെവ്‌ഗെനി പ്രിഗോഷിൻ 2023ലെ വിമാനാപകടത്തിൽ മരിച്ചതും വലിയ വിവാദമായിരുന്നു.
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നെഖൊറോഷെവിന്റെ മരണവും അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.
പുടിന്റെ സ്വകാര്യ ജീവിതം പുറത്തുകൊണ്ടുവന്ന റഷ്യൻ മാധ്യമപ്രവർത്തകൻ മരിച്ചു; വിഷക്കൂൺ കഴിച്ചതെന്ന് റിപ്പോർട്ട്
