ഫ്രാൻസിൽ കൊടുംചൂടിൽ നിന്ന് ആശ്വാസം തേടി നദിയിലിറങ്ങിയ 40 പേർ മുങ്ങി മരിച്ചു, ഐഫൽ ടവറും ലൂവർ മ്യൂസിയവും നേരത്തെ അടച്ചു

ഫ്രാൻസിൽ കൊടുംചൂടിൽ നിന്ന് ആശ്വാസം തേടി നദിയിലിറങ്ങിയ 40 പേർ മുങ്ങി  മരിച്ചു, ഐഫൽ ടവറും ലൂവർ മ്യൂസിയവും നേരത്തെ അടച്ചു


പാരിസ്:  ഫ്രാൻസിനെ പിടിച്ചുകുലുക്കുന്ന അതിശക്തമായ ഉഷ്ണതരംഗം കൂടുതൽ മരണങ്ങൾക്ക് വഴിവെക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ രാജ്യത്ത് 40ലധികം പേർ മുങ്ങിമരിച്ചതായി അധികൃതർ അറിയിച്ചു. ചൂടിൽ നിന്ന് ആശ്വാസം തേടി ആളുകൾ കൂട്ടത്തോടെ ജലാശയങ്ങളിലേക്ക് ഇറങ്ങിയതോടെയാണ് അപകടങ്ങൾ വർധിച്ചത്.

തിങ്കളാഴ്ച ഫ്രാൻസ് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ രണ്ട് വയസും നാല് വയസും പ്രായമുള്ള രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. കൂടാതെ മൂന്ന് വയോധികർ വീടുകളിൽ ചൂട് മൂലവും മരിച്ചു. രാജ്യത്തെ ഏകദേശം 3.9 കോടി ആളുകൾ അതിതീവ്ര ചൂടിനെ തുടർന്നുള്ള 'റെഡ് അലർട്ട്' പരിധിയിലാണ്.

കഴിഞ്ഞ ഒരാഴ്ചയായി ഫ്രാൻസിൽ തുടരുന്ന ഉഷ്ണതരംഗം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി സ്‌കൂളുകൾ അടച്ചതോടൊപ്പം ട്രെയിൻ സർവീസുകളും റദ്ദാക്കി. പല പ്രദേശങ്ങളിലും താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മുങ്ങിമരണങ്ങളിൽ ഭൂരിഭാഗവും യുവാക്കളാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിൽ നീന്താൻ ഇറങ്ങുന്നത് വലിയ അപകടമാണെന്ന് കായികയുവജനകാര്യ മന്ത്രി മറീന ഫെറാരി മുന്നറിയിപ്പ് നൽകി.

ഐഫൽ ടവറും ലൂവർ മ്യൂസിയവും നേരത്തെ അടച്ചു

കടുത്ത ചൂടിനെ തുടർന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഐഫൽ ടവർ ചൊവ്വാഴ്ച പതിവിലും നേരത്തെ അടച്ചു. അതുപോലെ ലോകപ്രശസ്തമായ ലൂവർ മ്യൂസിയവും ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് 4 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

'വർഷത്തിലെ ഏത് സമയത്തെയും മറികടക്കുന്ന റെക്കോർഡ് താപനിലകൾ വരും ദിവസങ്ങളിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്,' ഫ്രാൻസിന്റെ ദേശീയ കാലാവസ്ഥാ ഏജൻസിയായ മെറ്റിയോ ഫ്രാൻസ് മുന്നറിയിപ്പ് നൽകി.

യൂറോപ്പും ചൂടിൽ വെന്തുരുകുന്നു

ഫ്രാൻസിനൊപ്പം ഇറ്റലി, സ്‌പെയിൻ, ബ്രിട്ടൻ എന്നിവിടങ്ങളും അതിശക്തമായ ചൂടിനെ നേരിടുകയാണ്. 1980കളിനശേഷം യൂറോപ്പിലെ താപനില ആഗോള ശരാശരിയേക്കാൾ ഇരട്ടിവേഗത്തിൽ ഉയരുകയാണെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർണിക്കസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത അഞ്ച് വർഷത്തിനിടെ കൂടുതൽ താപനില റെക്കോർഡുകൾ തകർന്നേക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

2003ൽ ഫ്രാൻസിൽ 15,000ത്തിലധികം മരണങ്ങൾക്ക് ഇടയാക്കിയ ചരിത്രപ്രസിദ്ധമായ ഉഷ്ണതരംഗത്തോടാണ് നിലവിലെ സാഹചര്യത്തെ വിദഗ്ധർ താരതമ്യം ചെയ്യുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ യൂറോപ്പിൽ ചൂട് മൂലമുള്ള കാരണങ്ങളാൽ രണ്ടുലക്ഷത്തിലധികം പേർ മരിച്ചതായും ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ബ്രിട്ടനിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ അതിതീവ്ര ചൂട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായും റെയിൽവേ അധികൃതർ അറിയിച്ചു.