റോയല്‍ ചലഞ്ചേഴ്‌സിന് ജയം

റോയല്‍ ചലഞ്ചേഴ്‌സിന് ജയം


ചെന്നൈ: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം. 20 ഓവറില്‍ ആര്‍ സി ബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം ചെന്നൈ സൂപ്പര്‍ കിങ്‌സിന് മറികടക്കാനായില്ല. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെപ്പോക്കില്‍ ആര്‍ സി ബി വിജയിക്കുന്നത്. 

50 റണ്‍സിനാണ് ആര്‍ സി ബിയുടെ ജയം. 41 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയ്ക്ക് മാത്രമാണ് ചെന്നെയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

ആര്‍ സി ബിക്കു വേണ്ടി ജോഷ് ഹേസില്‍വുഡ് മൂന്നും യശ് ദയാല്‍, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി. പവര്‍പ്ലേയില്‍ തന്നെ മൂന്നു വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമായിരുന്നു.

രാഹുല്‍ തൃപാതി (5) ,റുതുരാജ് ഗെയ്ക്വാദ് (0), ദീപക്ക് ഹൂഡ (4) എന്നിവരുടെ വിക്കറ്റാണ് ടീമിനു നഷ്ടമായിരുന്നത്. നാലാം വിക്കറ്റില്‍ ക്രീസിലെത്തിയ സാം കറന് പിടിച്ചു നില്‍ക്കാനായില്ല. 8 റണ്‍സെടുത്ത് മടങ്ങി.

ഇതോടെ 9 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലായി ടീം സ്‌കോര്‍. പിന്നാലെ രച്ചിന്‍ രവീന്ദ്ര യശ് ദയാല്‍ എറിഞ്ഞ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി. പിന്നീട് ശിവം ദുബെ 25 ചേര്‍ത്ത് അല്‍പ്പം പ്രതീക്ഷ നല്‍കിയെങ്കിലും യശ് ദയാല്‍ തന്നെ ദുബെയെയും മടക്കി.

പിന്നാലെ രവിചന്ദ്രന്‍ അശ്വിനെ ലിവിങ്സ്റ്റണും രവീന്ദ്ര ജഡേജയെ ഹേസില്‍വുഡും മടക്കിയതോടെ ടീമിന്റെ പ്രതീക്ഷകള്‍ മങ്ങി. ഒരു വശത്ത് ധോനിയും എതിര്‍വശത്ത് നൂര്‍ അഹമ്മദുമായിരുന്നു എങ്കിലും വിജയലക്ഷ്യം മറികടക്കാനായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി 196 റണ്‍സ് അടിച്ചു. 51 റണ്‍സ് നേടിയ നായകന്‍ രജത് പാട്ടിദാറാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. പാട്ടിദാറിനു പുറമെ ഫില്‍ സോള്‍ട്ട് (32), വിരാട് കോലി (31), ദേവദത്ത് പടിക്കല്‍ (27), ടിം ഡേവിഡ് (22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചെന്നൈയ്ക്ക് വേണ്ടി നൂര്‍ അഹമ്മദ് മൂന്നും മതീഷ പാതിരാന രണ്ടും രവിചന്ദ്രന്‍ അശ്വന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.