സൈന നെഹ്‌വാള്‍ വിരമിക്കുന്നു

സൈന നെഹ്‌വാള്‍ വിരമിക്കുന്നു


ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം സൈന നെഹ്വാള്‍ വിരമിക്കുന്നു. സന്ധിവാതവുമായി പൊരുതുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ ബാഡ്മിന്റണ്‍ മതിയാക്കാനുള്ള ആലോചനയിലാണെന്നും സൈന വ്യക്തമാക്കി.

തന്റെ തരുണാസ്ഥി മോശമായ നിലയിലാണെന്നും ഈ അവസ്ഥയില്‍ മികച്ച താരങ്ങളോട് മത്സരിക്കാന്‍ രണ്ടു മണിക്കൂര്‍ പരിശീലിച്ചാല്‍ മതിയാകില്ലെന്നും ഒരു കായികതാരത്തിന്റെ കരിയര്‍ എപ്പോഴും ഹ്രസ്വമാണെന്നും അവര്‍ പറഞ്ഞു. ഒന്‍പതാം വയസില്‍ തുടങ്ങിയ ബാഡ്മിന്റണ്‍ കരിയര്‍ 34 വയസുവരെ നീണ്ടു നിന്നു. ഇത്രയും നാളത്തെ ദീര്‍ഘ കരിയര്‍ അഭിമാനകരമാണെന്നും താരം വെളിപ്പെടുത്തി. ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ് സൈന നെഹ്വാള്‍. 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് വനിതാ സിംഗിള്‍സിലാണ് താരം വെങ്കലം സ്വന്തമാക്കിയത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്നു സൈന.

ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലും കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ രണ്ട് സ്വര്‍ണ നേട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസിലും രണ്ട് വെങ്കല മെഡലുകള്‍ നേടിയിട്ടുണ്ട്.