വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് വെനിസ്വേല

വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് വെനിസ്വേല


കാരക്കാസ്: യു എസ് സേന പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതിന് പിന്നാലെ ഉണ്ടായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ കുറഞ്ഞത് 14 മാധ്യമപ്രവര്‍ത്തകരെ വെനിസ്വേലയില്‍ തടഞ്ഞുവച്ചതായി രാജ്യത്തെ മാധ്യമ പ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു. തടവിലാക്കപ്പെട്ടവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരാണെന്നും യൂണിയന്‍ വ്യക്തമാക്കി. ഇവരില്‍ ഭൂരിഭാഗത്തെയും അതേ ദിവസം തന്നെ വിട്ടയച്ചെങ്കിലും ഒരാളെ രാജ്യത്തുനിന്ന് നാടുകടത്തി. വെനിസ്വേലയില്‍ വിദേശ മാധ്യമങ്ങള്‍ക്കു നേരെ ചരിത്രപരമായി കടുത്ത നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്. മാധ്യമ പ്രവര്‍ത്തക വിസകള്‍ അപൂര്‍വമായാണ് അനുവദിക്കപ്പെടുന്നത്.

ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഈ തടങ്കലുകള്‍. ഡൊണള്‍ഡ് ട്രംപ് ഭരണകൂടവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന സൂചനകള്‍ക്ക് പിന്നാലെയായിരുന്നു അവരുടെ സത്യപ്രതിജ്ഞ. വെനിസ്വേലയുടെ ഭരണനിയന്ത്രണം ഏറ്റെടുക്കുമെന്ന് യു എസ് അവകാശപ്പെട്ടിട്ടുണ്ട്. നാഷണല്‍ അസംബ്ലിയുടെ പരിസരങ്ങളിലും കാരക്കാസിലെ അല്‍തമിറ പ്രദേശത്തും സുരക്ഷാസേനകള്‍ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ട്. ചിലരെ സൈനിക കൗണ്ടര്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തടഞ്ഞുവച്ചപ്പോള്‍ മറ്റുചിലരെ വെനിസ്വേലയുടെ ഇന്റലിജന്‍സ് സേവനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

യൂണിയന്റെ വിവരമനുസരിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പരിശോധിക്കുകയും വ്യക്തിഗത സന്ദേശങ്ങളും സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയും ചെയ്തു. കൂടാതെ, കൊളംബിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ക്യൂകുട്ടയ്ക്കു സമീപം ഒരു കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തകനെയും ഒരു സ്പാനിഷ് മാധ്യമ പ്രവര്‍ത്തകനെയും കൂടി തടഞ്ഞുവച്ചു. മണിക്കൂറുകളോളം ബന്ധപ്പെടാന്‍ അനുവദിക്കാതെയായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ വിട്ടയച്ച് കൊളംബിയയിലേക്ക് തിരിച്ചയച്ചു. സംഭവങ്ങളെ അതീവ ആശങ്കാജനകമെന്ന് വിശേഷിപ്പിച്ച യൂണിയന്‍ രാജ്യത്ത് ഇപ്പോഴും കസ്റ്റഡിയില്‍ തുടരുന്ന 23 മാധ്യമ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന ആവശ്യവും ആവര്‍ത്തിച്ചു.