ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ പരാജയപ്പെടുത്തി ബംഗാള്‍ കിരീടം സ്വന്തമാക്കി. ഇരു ടീമുകളും പൊരുതിക്കളിച്ച മത്സരത്തില്‍ ഇഞ്ച്വറി ടൈമിലാണ് കേരളത്തെ തോല്‍പ്പിച്ച് കപ്പില്‍ മുത്തമിട്ട ഗോള്‍ പിറന്നത്.
ബംഗാളിന്റെ ഗോള്‍വേട്ടക്കാരനായ ഒമ്പതാം നമ്പര്‍ താരം റോബി ഹന്‍സ്ദയാണ് വിജയഗോള്‍ കുറിച്ചത്. ടൂര്‍ണമെന്റില്‍ 12 ഗോള്‍ നേടിയ റോബിയാണ് കളിയിലെയും ടൂര്‍ണമെന്റിലെയും കേമന്‍.
92-ാം മിനിറ്റിലാണ് വിജയ ഗോള്‍ പിറന്നത്. തുടര്‍ച്ചയായി പരുക്കുകള്‍ കണ്ട രണ്ടാം പകുതിക്ക് ആറു മിനിറ്റാണ് ഇന്‍ജറി ടൈമായി ലഭിച്ചത്.
ബംഗാള്‍ ഗോള്‍ നേടിയതിന് പിന്നാലെ കേരളത്തിന് രണ്ട് ഫ്രീ കിക്കുകള്‍ ലഭിച്ചെങ്കിലും ഫലം കണ്ടില്ല.
അവസാനമായി രണ്ടുതവണ കേരളം ജേതാക്കളായപ്പോഴും ഫൈനലില്‍ ബംഗാളായിരുന്നു എതിരാളികള്‍.