ദക്ഷിണാഫ്രിക്കക്കെതിരെ സ്മൃതിക്കും ഹര്‍മന്‍ പ്രീത് കൗറിനും സെഞ്ച്വറി

ദക്ഷിണാഫ്രിക്കക്കെതിരെ സ്മൃതിക്കും ഹര്‍മന്‍ പ്രീത് കൗറിനും സെഞ്ച്വറി


ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ തുടരെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥനയ്ക്ക് സെഞ്ച്വറി. ഇതോടെ വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ വനിതാ താരങ്ങളില്‍ മുന്‍ ക്യാപ്റ്റന്‍ മിഥാലി രാജിനൊപ്പമായി സ്മൃതിയുടെ സ്ഥാനം. ഇരുവര്‍ക്കും സെഞ്ച്വറികള്‍ ഏഴെണ്ണമാണ്. 

ആറ് സെഞ്ച്വറി നേടിയ നിലവിലുള്ള ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് തൊട്ടു പിന്നിലുള്ളത്. ഇതേ മത്സരത്തില്‍ തന്നെയാണ് ഹര്‍മന്‍പ്രീത് തന്റെ ആറാം സെഞ്ച്വറി കണ്ടെത്തിയത്.

103 പന്തിലാണ് സ്മൃതി പരമ്പരയിലെ രണ്ടാം സെഞ്ച്വറി നേടിയത്. 120 പന്തില്‍ 18 ഫോറും രണ്ടു സിക്‌സും സഹിതം 132 റണ്‍സെടുത്താണ് സ്മൃതി പുറത്തായത്. ആദ്യ ഏകദിനത്തില്‍ 127 പന്തില്‍ 117 റണ്‍സെടുത്ത സ്മൃതിയുടെ കരുത്തില്‍ ഇന്ത്യ 143 റണ്‍സിന്റെ വിജയം നേടിയിരുന്നു. 

84 ഏകദിന മത്സരങ്ങളില്‍ ഏഴ് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയുമാണ് സ്മൃതിയുടെ നേട്ടം. 43 റണ്‍ ശരാശരിയില്‍ മൂവായിരം റണ്‍സും പിന്നിട്ടു. 

232 ഏകദിനങ്ങള്‍ കളിച്ച മിഥാലി ഏഴ് സെഞ്ച്വറിയും 64 അര്‍ധ സെഞ്ച്വറിയും സഹിതം 7805 റണ്‍സാണ് കരസ്ഥമാക്കിയത്. ശരാശരി 50 റണ്‍സിനു മുകളില്‍.

ആറ് ടെസ്റ്റ് മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ചുറിയും സ്മൃതി നേടിയിട്ടുണ്ട്. 12 ടെസ്റ്റ് കളിച്ച മിഥാലിയുടെ പേരിലും ഒരു സെഞ്ച്വറിയാണുളളത്. ട്വന്റി20 മത്സരങ്ങളില്‍ സ്മൃതി 23 അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ മിഥാലി 17 എണ്ണമാണ് നേടിയത്.

രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്മൃതിയും ഷഫാലി വര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം 11.4 ഓവര്‍ ക്രീസിലുണ്ടായിരുന്നെങ്കിലും 38 റണ്‍സ് മാത്രമാണ് പിറന്നത്. ഷഫാലി (38 പന്തില്‍ 20) പുറത്തായ ശേഷം ഡി ഹേമലതയുമൊത്ത് (41 പന്തില്‍ 24) സ്മൃതിയുടെ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട്.

ഹേമലത പുറത്തായ ശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എത്തിയതോടെയാണ് ഇന്ത്യന്‍ സ്‌കോറിങ്ങിനു വേഗം കൂടിയത്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും 171 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍മന്‍പ്രീത് 88 പന്തില്‍ ഒമ്പത് ഫോറും മൂന്നു സിക്‌സും സഹിതം 103 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഫിനിഷ് റോള്‍ ഗംഭീരമാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ് 13 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സ് നേടി.