വാഷിംഗ്ടണ്‍: ഞായറാഴ്ച ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ടെത്തി കാണുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ചാമ്പ്യന്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലാണ് ലോകകപ്പ് കിരീടപ്പോരാട്ടം.
ലോകത്തെ ഏറ്റവും വലിയ കായികവേദിക്ക് ആതിഥേയത്വം വഹിക്കാനുള്ള അമേരിക്കയുടെ കഴിവ് ഈ ടൂര്‍ണമെന്റ് തെളിയിച്ചുവെന്നും ഫൈനല്‍ അതിന്റെ ഉചിതമായ സമാപനമായിരിക്കുമെന്നും ലെവിറ്റ് പറഞ്ഞു.
ഫൈനലില്‍ ട്രംപ് ഏത് ടീമിനെയാണ് പിന്തുണയ്ക്കുകയെന്ന ചോദ്യത്തിന് രസകരമായ മറുപടി പ്രസിഡന്റ് തന്നെ നല്‍കുമെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു ലെവിറ്റിന്റെ പ്രതികരണം.
ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ വെള്ളിയാഴ്ച നടക്കുന്ന ഫിഫ സ്വീകരണ ചടങ്ങിലും ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നേരത്തേ തന്നെ ലോകകപ്പ് ഫൈനലില്‍ ട്രംപും താനും ചേര്‍ന്നാണ് വിജയികള്‍ക്ക് ട്രോഫി സമ്മാനിക്കുകയെന്ന പദ്ധതി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ക്ലബ് ലോകകപ്പിലും ഇരുവരും ചേര്‍ന്നാണ് ട്രോഫി സമ്മാനിച്ചത്.
ഫൈനലില്‍ ട്രംപും താനും ചേര്‍ന്ന് ട്രോഫി സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ആതിഥേയ രാജ്യത്തിന്റെ പ്രസിഡന്റും ഫിഫ പ്രസിഡന്റും ചേര്‍ന്നാണ് ട്രോഫി കൈമാറുന്നത് എന്നതാണ് പതിവെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.
ഈ ലോകകപ്പിലെ ആദ്യ 102 മത്സരങ്ങളിലും ട്രംപ് പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹത്തിന് മറ്റ് ഔദ്യോഗിക തിരക്കുകളുണ്ടെന്നും സ്റ്റേഡിയത്തില്‍ എത്തിയാല്‍ ലോകത്ത് ഇത്രയും കാര്യങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹം ഇവിടെ എന്തിന് എത്തിയെന്ന ചോദ്യവും ഉയരുമെന്നും ലോകകപ്പുമായി ബന്ധപ്പെട്ട് അദ്ദേഹവുമായും അമേരിക്കന്‍ ഭരണകൂടവുമായും താന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്‍ഫാന്റിനോ വ്യക്തമാക്കി.
ലോകകപ്പ് ഫൈനലില്‍ ആതിഥേയ രാജ്യത്തിന്റെ ഭരണാധികാരി പങ്കെടുക്കുകയും ട്രോഫി സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കാളിയാകുകയും ചെയ്യുന്നത് പതിവാണ്.
2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ജിയാനി ഇന്‍ഫാന്റിനോയും ചേര്‍ന്നാണ് ലയണല്‍ മെസിക്കും അര്‍ജന്റീനയ്ക്കും ട്രോഫി സമ്മാനിച്ചത്. 2018-ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനാണ് ഫ്രാന്‍സിന് ലോകകപ്പ് കൈമാറിയത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ക്ലബ് ലോകകപ്പില്‍ ട്രോഫി സമ്മാനിക്കാന്‍ എത്തിയ ട്രംപിനെതിരെ കാണികള്‍ കൂവി പ്രതിഷേധിച്ചിരുന്നു. ചാമ്പ്യന്‍മാരായ ചെല്‍സിക്ക് ട്രോഫി കൈമാറിയ ശേഷവും ആഘോഷവേദിയില്‍ താരങ്ങള്‍ക്കൊപ്പം ട്രംപ് തുടര്‍ന്നു നിന്നത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചയായിരുന്നു.
സംഭവത്തെക്കുറിച്ച് പിന്നീട് പ്രതികരിച്ച ചെല്‍സി താരം കോള്‍ പാല്‍മര്‍ ട്രംപ് ചടങ്ങില്‍ ഉണ്ടാകുമെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ ട്രോഫി ഉയര്‍ത്തുമ്പോഴും അദ്ദേഹം വേദിയില്‍ തുടരുമെന്ന് കരുതിയിരുന്നില്ലെന്നും അത് തന്നെ അല്‍പം ആശയക്കുഴപ്പത്തിലാക്കിയെന്നും പറഞ്ഞു.
