വാഷിംഗ്ടൺ: ഇംഗ്ലീഷ് ഭാഷയിൽ കാര്യമായ പ്രാവിണ്യമില്ലാത്ത, 28,000ത്തിലധികം കുടിയേറ്റക്കാരുടെ വാണിജ്യ ട്രക്ക് ഡ്രൈവർ ലൈസൻസുകൾ യുഎസിലെ ഡോണൾഡ് ട്രംപ് ഭരണകൂടം റദ്ദാക്കി. അവർക്ക് പകരം മുൻ സൈനികരായവരെ നിയമിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് അറിയിച്ചു. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് യുഎസ് അധികൃതർ പറയുന്നത്. എന്നാൽ, ഇത് ഇന്ത്യയിൽ നിന്നുള്ള ഡ്രൈവർമാരെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഇംഗ്ലീഷ് ഭാഷ സംസാരിക്കാനോ വായിക്കാനോ മതിയായ പ്രാവിണ്യമില്ലാത്ത 24,000 വിദേശ പൗരന്മാരുടെ വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയെന്നാണ് ഭരണകൂടം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. ഇവർക്ക് അമേരിക്കയിൽ ട്രക്ക് ഓടിക്കാൻ സഹായം നൽകിയ 9500 ഡ്രൈവിംഗ് സ്കൂളുകൾ അടച്ചുപൂട്ടുന്നതിന് വിവിധ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തനം തുടങ്ങിയതായും ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു. ഇത് കൂടാതെ വിദേശ ഡ്രൈവർമാരുടെ കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റുകളും കൃത്യമായ പൗരത്വ പരിശോധനകളില്ലാതെ നൽകിയ ലൈസൻസുകളും കണ്ടെത്തിയിരുന്നു.
കുടിയേറ്റ ഡ്രൈവർമാരുടെ കുറവ് പരിഹരിക്കുന്നതിനായി 'ഫ്രീഡം ഹോളേഴ്സ്'എന്ന പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് വലിയ സൈനിക വാഹനങ്ങൾ ഓടിച്ച മുൻ സൈനികർക്ക്, കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസിനായുള്ള നിർബന്ധിത നൈപുണ്യ പരീക്ഷ എഴുതാതെ തന്നെ ലൈസൻസ് നേടാൻ സഹായിക്കുന്ന പദ്ധതികളെ പ്രോത്സാഹിപ്പിച്ചിരുന്ന ക്യാമ്പയിനാണിതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
യുഎസിന്റെ ഈ നടപടി ഇന്ത്യൻ കുടിയേറ്റക്കാരെ സാരമായി ബാധിക്കാനാണ് സാധ്യത. അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം യുഎസിൽ ഏകദേശം പഞ്ചാബ്, ഹരിയാനയിൽ നിന്ന് 1,30,000 മുതൽ 1,50,000 വരെ ട്രക്ക് ഡ്രൈവർമാരുണ്ടെന്നാണ് കണക്ക്. നടപടി തുടരുമ്പോൾ അമേരിക്കൻ വിപണിയിലേക്ക് ചരക്കുകൾ എത്തിച്ചിരുന്ന ഏകദേശം 30,000 ട്രക്ക് ഡ്രൈവർമാരുടെ കുറവിന് കാരണമാകും.
അനധികൃത കുടിയേറ്റത്തിനെതിരായ നടപടി
2025 ഓഗസ്റ്റിൽ ഫ്ലോറിഡയിലുണ്ടായ ഒരു വാഹനാപകടത്തെ ത്തുടർന്ന് ശക്തമാക്കിയ, കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്കെതിരായ നടപടികളുടെ ഭാഗമാണിത്. ഒരു ട്രക്ക് ഡ്രൈവർ നിയമവിരുദ്ധമായ 'യു-ടേൺ' നടത്തിയ സംഭവത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. തുടർന്ന്, ട്രക്ക് ഡ്രൈവർമാർക്കുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവുമായി ബന്ധപ്പെട്ട നിലവിലുള്ള നിബന്ധനകൾ യുഎസ് ഗതാഗത വകുപ്പ് കർശനമാക്കി. ഇന്ത്യയിൽ നിന്നുള്ള ആ ഡ്രൈവർക്ക് യഥാർത്ഥത്തിൽ ലൈസൻസ് നൽകാൻ പാടില്ലായിരുന്നുവെന്നാണ് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞത്.
അതിനുശേഷം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിലെ അപര്യാപ്തത കാരണം 26,000 ഡ്രൈവർമാരെ സർവീസിൽ നിന്ന് മാറ്റിനിർത്തി. ആയിരക്കണക്കിന് ലൈസൻസുകൾ റദ്ദാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് കാലിഫോർണിയ, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങൾക്കുള്ള ഹൈവേ ഫണ്ട് തടഞ്ഞുവെക്കാനും ഫെഡറൽ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, ഈ വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. അതേസമയം, പെൻസിൽവാനിയ, മിനസോട്ട, നോർത്ത് കരോലിന തുടങ്ങിയ മറ്റ് പല സംസ്ഥാനങ്ങൾക്കും ഫണ്ട് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് അറിയാത്തവരെ വേണ്ട; കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരുടെ 28,000 ലൈസൻസുകൾ യുഎസ് റദ്ദാക്കി; ഇന്ത്യക്കാർക്കും തിരിച്ചടിയാകും
