കാനഡ, ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലേത് അടക്കം 5 രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ യുഎസ്

കാനഡ, ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലേത് അടക്കം 5 രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ യുഎസ്


വാഷിം​ഗ്ടൺ: ആഗോളതലത്തിൽ തങ്ങളുടെ നയതന്ത്ര സാന്നിധ്യം കുറയ്ക്കുന്നതിന്റെ ഭാഗമായി, കാനഡ, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ അഞ്ച് രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. ഗ്രെനഡയിലെ സെന്റ് ജോർജിലുള്ള യുഎസ് എംബസി, ഇന്തോനേഷ്യയിലെ മെഡാൻ, കാനഡയിലെ വിന്നിപെഗ്, ജപ്പാനിലെ നഗോയ എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ, കാമറൂണിലെ ഡൗവാലയിലുള്ള എംബസി ബ്രാഞ്ച് ഓഫീസ് എന്നിവ അടച്ചുപൂട്ടാനുള്ള തീരുമാനം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺഗ്രസിനെ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പ്രത്യേക പ്രതിസന്ധികളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിൽ ഒരുമിച്ച് നിരവധി വിദേശ മിഷനുകൾ പ്രവർത്തനം അവസാനിപ്പിക്കുന്നത് യുഎസ് നയതന്ത്ര ചരിത്രത്തിൽ അപൂർവ്വമായ സംഭവമാണ്. കഴിഞ്ഞ വർഷം ഡസൻ കണക്കിന് ഓഫീസുകൾ അടച്ചുപൂട്ടുകയും നൂറുകണക്കിന് നയതന്ത്രജ്ഞരെ പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെയാണ് ഈ നടപടി. അനാവശ്യ ചെലവുകൾ ഒഴിവാക്കി വിദേശനയ സംവിധാനം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം. ചില ചെറിയ വിദേശ മിഷനുകൾ പ്രവർത്തിപ്പിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ലെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. അമേരിക്കൻ ഭരണകൂടത്തിന്റെ 'അമേരിക്ക ഫസ്റ്റ്' അജണ്ടയുടെ ഭാഗമായാണ് ഈ നടപടി. എന്നാൽ നയതന്ത്ര സാന്നിധ്യം വെട്ടിക്കുറയ്ക്കുന്നത് ആഗോളതലത്തിൽ അമേരിക്കയുടെ സ്വാധീനം കുറയ്ക്കുമെന്നും, ചൈന പോലുള്ള എതിരാളികൾക്ക് ഇത് മുൻതൂക്കം നൽകുമെന്നും ഡെമോക്രാറ്റ് നേതാക്കൾ ആശങ്കപ്പെടുന്നു.

'അമേരിക്ക ഫസ്റ്റ്' എന്ന നയത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 30-ഓളം എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ ട്രംപ് ഭരണകൂടം പദ്ധതിയിട്ടിരുന്നു. പശ്ചിമേഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളിലും 10 എംബസികളും 17 കോൺസുലേറ്റുകളും മറ്റ് മൂന്ന് നയതന്ത്ര ദൗത്യകേന്ദ്രങ്ങളും അടച്ചുപൂട്ടാൻ ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം പദ്ധതിയിട്ടിരുന്നു. ജിഹാദിസ്റ്റ് ഗ്രൂപ്പുകൾക്കെതിരായ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന നയതന്ത്ര കേന്ദ്രങ്ങളായിരുന്നു ഇവ. ഇതിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായുള്ള ഈ വെട്ടിക്കുറയ്ക്കൽ ഒരിക്കലും തിരുത്താനാവാത്ത ഒരു വലിയ അബദ്ധമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. 

ലോകമെമ്പാടും തങ്ങളുടെ നയതന്ത്ര സാന്നിധ്യം ചൈന വിപുലീകരിക്കുമ്പോൾ, ഓഫീസുകളും എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടിയും, യുഎസ്എഐഡി പോലുള്ള പദ്ധതികൾ അവസാനിപ്പിച്ചും, നൂറുകണക്കിന് നയതന്ത്രജ്ഞരെ പിരിച്ചുവിട്ടും ട്രംപ് അമേരിക്കയുടെ സാന്നിധ്യം ചുരുക്കുകയാണെന്ന് ഡെമോക്രാറ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ, നയതന്ത്ര കേന്ദ്രങ്ങളുടെ എണ്ണത്തിൽ ചൈന ഇതിനകം അമേരിക്കയെ മറികടന്നുകഴിഞ്ഞു; 2024-ഓടെ യുഎസിന് 271 നയതന്ത്ര കേന്ദ്രങ്ങൾ ഉള്ളപ്പോൾ ചൈനയ്ക്ക് ലോകമെമ്പാടുമായി 274 കേന്ദ്രങ്ങളാണുള്ളത്. ട്രംപ് കൂടുതൽ ഇടങ്ങൾ വിട്ടുകൊടുക്കുമ്പോൾ, ചൈനയുടെ സ്വാധീനം ഇനിയും വർധിപ്പിക്കാനിടയാക്കും.