തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ ഇതുവരെ 25 പേർ മരിച്ചുവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 52 വീട് പൂർണ്ണമായി തകർന്നു. 565 വീട് ഭാഗികമായും തകർന്നു. സംസ്ഥാനത്ത് 418 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 18434 പേർ നിലവിൽ ക്യാമ്പുകളിലുണ്ട്. ഒന്നാം തിയതി മുതൽ ഇന്ന് വൈകീട്ട് 5 മണിവരെയുള്ള കണക്കാണ് സർക്കാർ പുറത്ത് വിട്ടത്. കോട്ടയത്താണ് കൂടുതൽ മരണം. ജില്ലയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മലപ്പുറത്ത് നാല് പേർക്കും, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്ന് വീതം പേർക്കും ജീവൻ നഷ്ടപ്പെട്ടു. ഇടുക്കിയിലും (14) കോട്ടയത്തുമാണ് (11) ഏറ്റവും കൂടുതൽ വീടുകൾ പൂർണമായി തകർന്നത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ വീടുകൾ ഭാഗികമായി തകർന്നത് (103).
സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ജനജീവിതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്. കിഴക്കൻ വെള്ളത്തിൻ്റെ വരവും നദികളിലെ ജലനിരപ്പ് ഉയർന്നതും സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കി മാറ്റിയിരിക്കുകയാണ്. കോട്ടയം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ഉണ്ടായ വിവിധ അപകടങ്ങളിൽ ആളുകൾക്ക് ജീവൻ നഷ്‌ടമായി. വെള്ളപ്പൊക്കം രൂക്ഷമായതോടെ നൂറുകണക്കിന് കുടുംബങ്ങൾ വീടുകളിലെ സാധനസാമഗ്രികൾ ഉപേക്ഷിച്ച് ജീവൻ കയ്യിലെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുകയാണ്.
കനത്ത മഴയിൽ ഇടുക്കി ജില്ലയിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ 117 റോഡുകൾ തകർന്നു. പൊതുമരാമത്ത് വകുപ്പിന്റെ 46 റോഡുകൾക്ക് 9 കോടിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 71 റോഡുകൾക്ക് 74 ലക്ഷം രൂപയുടെയും നാശനഷ്ടം നിലവിൽ കണക്കാക്കിയിട്ടുണ്ട്. റോഡുകളിലെ തടസ്സങ്ങൾ നീക്കി പുനർനിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ജില്ലയിൽ 33 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. ആകെ 1.36 കോടി രൂപയുടെ കാർഷിക വിളകളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
കനത്ത മഴയിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ ഭൂമി കണ്ടെത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മഴക്കെടുതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ലഭ്യമായ റവന്യൂ ഭൂമി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും മന്ത്രി നിർദ്ദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത 23 കുടുംബങ്ങൾക്ക് താൽക്കാലികമായി വാടക വീടുകൾ ലഭ്യമാക്കാൻ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി.
മഴക്കെടുതി: കേരളത്തിൽ 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 52 വീടുകൾ പൂർണമായി തകർന്നു
