ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ; വെറുതെവിട്ട് ഡൽഹി കോടതി

ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ; വെറുതെവിട്ട് ഡൽഹി കോടതി


ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതിയിൽ ബ്രിജ് ഭൂഷണെ വെറുതെ വിട്ട് കോടതി. ‌ഡൽഹി റോസ് അവന്യൂ വിചാരണക്കോടതിയാണ് ബ്രിജ് ഭൂഷണെ വെറുതെ വിട്ടത്. മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനാണ് ബ്രിജ് ഭൂഷൺ. താരങ്ങൾക്ക് നേരെ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. ഗുസ്തിതാരങ്ങളുടെ സമരത്തിന് വഴിവെച്ച സംഭവമായിരുന്നു ഇത്. 

കേസിലെ കൂട്ടുപ്രതിയായ ഫെഡറേഷൻ മുൻ അസിസ്റ്റൻ്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. വിധികർത്താക്കൾക്ക് മുന്നിൽ സാക്ഷികൾ കൂറുമാറിയതും മൊഴികൾ മാറ്റിയതുമാണ് പ്രതികൾക്ക് അനുകൂലമായത്. വിധിക്കെതിരെ പരാതിക്കാരായ താരങ്ങൾ മേൽക്കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംപിക്കെതിരെ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ, ബ്രിജ്ഭൂഷനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ദില്ലി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. അതിനിടെ, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരവും ബ്രിജ്ഭൂഷനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും, പിന്നീട് പരാതി പിൻവലിക്കുകയായിരുന്നു.

ഏകദേശം രണ്ടര വർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പരാതിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷക റെബേക്ക ജോൺ കോടതിയിൽ ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകനായ രാജീവ് മോഹൻ്റെ നേതൃത്വത്തിൽ റെഹാൻ ഖാൻ, ഋഷഭ് ഭാട്ടി എന്നിവർ ഹാജരായി വാദങ്ങൾ പൂർത്തിയാക്കിയിരുന്നു. കേസിനെ തുടർന്ന് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി ബ്രിജ് ഭൂഷണിന് സീറ്റ് നിഷേധിച്ചിരുന്നു. എന്നാൽ പകരം മകന് സീറ്റ് നൽകുകയും അദ്ദേഹം വിജയിക്കുകയും ചെയ്‌തു. കുറ്റവിമുക്തനായതോടെ ബ്രിജ് ഭൂഷൺ വീണ്ടും പാർട്ടി പദവികളിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.