റാന്നിയിൽ നിന്ന് ഇനിയും പഠിക്കാനുണ്ട്; പ്രകൃതി പല തവണ മുന്നറിയിപ്പ് നൽകിയ പാഠങ്ങൾ

റാന്നിയിൽ നിന്ന് ഇനിയും പഠിക്കാനുണ്ട്; പ്രകൃതി പല തവണ മുന്നറിയിപ്പ് നൽകിയ പാഠങ്ങൾ


2018ലേത് പോലെയല്ലെങ്കിലും സമാനമായ ഒരു വെള്ളപ്പൊക്ക സാഹചര്യമാണ് കേരളത്തിൽ തുടർന്നുകൊണ്ടിരിക്കുന്നത്. 2018ലെയും 2019ലെയും പോലെ പത്തനംതിട്ട റാന്നി മേഖലയിലാണ് പ്രളയത്തിന്റെ പ്രാരംഭം. അതിതീവ്ര മഴയിൽ ഇരച്ചെത്തുന്ന വെള്ളം ആദ്യം റാന്നി ടൗണിനെ മുക്കുന്നു, പിന്നീടത് ആറന്മുളയിലേക്കും തിരുവല്ലയിലേക്കും ചെങ്ങന്നൂരിലേക്കും വ്യാപിച്ച് അപ്പർ കുട്ടനാട്ടിൽ പടരുന്നു. ഇതിനിടയിൽ ജീവൻ പോകുന്നതും കിടപ്പാടം ഇല്ലാതാകുന്നതും സമ്പത്ത് നഷ്ടപ്പെടുന്നതും നിരവധി. 

ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും കെട്ടിപ്പടുക്കിയതും വെട്ടിത്തിരച്ചതും കോട്ടപൊക്കിയതുമൊക്കെ വെള്ളം നികയ്ക്കുന്നു. റോഡ് വെട്ടിയൊരുക്കിയതൊക്കെ ജലപ്പരപ്പുകളാകുന്നു. പൊങ്ങിയ വെള്ളത്തിനകത്ത് നിന്ന് കൈകാലിട്ടടിച്ച് ശത്രുക്കളായി കണ്ട അയൽക്കാരെയും നാട്ടുകാരെയും ജീവൻ രക്ഷിക്കാനായി വിളിക്കുന്നു. 2018ന് ശേഷം ആറ് വർഷം പിന്നിട്ടിട്ടും പ്രളയം ചൂണ്ടിക്കാട്ടിയ മാനുഷിക പാഠങ്ങൾ പഠിച്ചോ എന്നതിനേക്കാൾ സാമൂഹ്യ, പാരിസ്ഥിതിക പാഠങ്ങൾ പഠിച്ചോ എന്നതാണ് കാതലായ ചോദ്യം. 

ആറ് വർഷത്തിന് ശേഷം ഒന്നും പഠിച്ചില്ലെന്നതിന്റ തെളിവാണ് ഇത്തവണത്തെ വെള്ളപ്പൊക്കം. സമാന സാഹചര്യത്തിൽ സമാനമായ രീതിയിൽ അന്ന് ദുരിതം അനുഭവിച്ചവർ വീണ്ടും ദുരിതത്തിലായി. അതിനിടയിൽ ഡാം തുറന്നുവിട്ടവനാരപ്പാ, മുന്നറിയിപ്പ് തരാത്തവനാരപ്പാ എന്ന ലൊട്ടുലൊടുക്ക് കാരണങ്ങൾ നിരത്തി അന്തിച്ചർച്ചക്കാർ മുങ്ങി. 2018ൽ ഇത്രയും നാശംവിതച്ച പ്രളയത്തിന്റെ കാരണം ഇപ്പോഴും നമ്മുടെ നാട്ടുകാർക്ക് അറിയില്ല. പഠനക്കാരും ചർച്ചക്കാരും എന്തുണ്ടാക്കി എന്നും കണ്ടില്ല. ഇപ്പഴും പറയുന്നു ദുരിതാശ്വാസ ക്യാമ്പിൽ സദ്യ വെച്ചതിന്റെയും ബിരിയാണി കിട്ടിയതിന്റെയും കഥ. 

ഇതുവരെ ഉണ്ടാകാത്ത പ്രതിഭാസമാണോ ഇതൊക്കെ? അല്ല, എന്നാണ് ഉത്തരം. പക്ഷേ, ഇതൊക്കെ തടയാൻ പൂർവീകരും പ്രകൃതിയും ഒരുക്കിയിരുന്ന തടയൽ പ്രതിഭാസങ്ങളുണ്ടായിരുന്നു. ജനസംഖ്യ വിസ്ഫോടനത്തിൽ അത് തകർന്നുപോയപ്പോൾ മാറി മാറി വന്ന ഭരണചക്രം അതിന്റെ ചാറൂറ്റി മിടുക്കന്മാരായി എന്നാണ് പഴമക്കാർ പറയുന്നത്. 

റാന്നിയിലെ അതിതീവ്രമഴ തന്നെ ഉദാഹരണമാക്കാം. റാന്നി വടശേരിക്കരയിൽ മാത്രം ഇത്തവണ 240 മില്ലിമീറ്റർ മുതൽ 340 മില്ലിമീറ്റർ വരെ തീവ്രമഴ രേഖപ്പെടുത്തിയിട്ടുണ്ട്. ജലമാപിനി ഈ ഭാ​ഗത്ത് രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ഇത് ആദ്യത്തേതാകാം. എന്നാൽ, കിഴക്കൻ മലയോരത്തെ അതിതീവ്ര മഴയിലും പ്രളയത്തിലും പഴമക്കാർ എടുത്തുപറയുന്നത് 1999ലെ വെള്ളപ്പൊക്കമാണ്. അന്ന് ഇതിലേറെയായിരുന്നു മലവെള്ളത്തിന്റെ വരവും നാശനഷ്ടങ്ങളും. അന്നും വെള്ളം കുതിച്ചൊഴുകി ജീവനും സമ്പത്തുംകൊണ്ട്. പക്ഷേ, അന്നൊക്കെ വനമേഖലകളിൽ നിന്നുള്ള വ്യാപകമായ ഉരുൾപൊട്ടലുകളാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

ഉരുൾപൊട്ടലുകൾ എങ്ങനെ?

ചുരുങ്ങിയ സമയത്തിനുള്ളിൽ അതിതീവ്ര മഴയുണ്ടാകുമ്പോൾ വെള്ളം ആഴ്ന്നിറങ്ങി മണ്ണിന്റെ ഭാരം കൂടുകയും ദുർബലമായ ഭാ​ഗത്ത് കൂടി വെള്ളം മണ്ണും പാറയ്ക്കുമൊപ്പം താഴേക്ക് പതിക്കുന്നതുമാണ് ഉരുൾപൊട്ടൽ. പണ്ടൊക്കെ മലഞ്ചെരുവിന്റെ ഘടനയും വ്യാപക വനനശീകരണവുമാണ് കാരണമെങ്കിൽ ഇന്ന് ഏത് മലയും കാർന്നെടുത്ത് വീടും കെട്ടിടങ്ങളും ഉണ്ടാക്കണമെന്ന മനുഷ്യന്റെ കടന്നുകയറ്റം തന്നെയാണ് പ്രശ്നം. എത്രമാത്രം കുന്നിടിക്കണമെന്നോ പാറയോ കുന്നോ ഇടിച്ചുനിരത്തിയാലുള്ള പാരിസ്ഥിതിക സന്തുലിത വ്യതിയാനങ്ങളോ ഒന്നും എവിടെയും മാനദണ്ഡങ്ങളാകുന്നില്ല. പണ്ട് പെയ്തിറങ്ങുന്ന വെള്ളം തടഞ്ഞുനിർത്താൻ പാടങ്ങളോ ഇടക്കയ്യാലകളോ വൻ വൃക്ഷങ്ങളോ ഉണ്ടായിരുന്നിടത്ത് വെട്ടിനിരത്തിയ കുന്നുകളും കെട്ടിപ്പൊക്കിയ കോൺക്രീറ്റ് സൗധങ്ങളും മാത്രമാണുള്ളതെന്ന് ഓർക്കുക. 

ഇരച്ചിറങ്ങുന്ന വെള്ളത്തെ തടഞ്ഞുവെക്കേണ്ടത് ആർ? 

പശ്ചിമഘട്ട മലനിരകളിൽ പെയ്യുന്ന മഴത്തുള്ളികൾക്ക് എന്നും ആശ്രയം അറബിക്കടൽ മാത്രം. പണ്ടേയുള്ള പഴമൊഴിയാണിത്. കേരള സംസ്ഥാനം രൂപീകരിച്ചിട്ട് (അതിനും മുമ്പുള്ള വിശാല ഭരണവിശാരദന്മാർ ആണെങ്കിലും) 70 വർഷം പിന്നിടുമ്പോഴും പെയ്യുന്ന വെള്ളം എങ്ങനെ ഉപയോ​ഗിക്കണമെന്ന് അറിയില്ല. അണക്കെട്ടുകൾ നിർമ്മിച്ച് വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനുമായി പുനരുപയോ​ഗിക്കാമെന്ന തിയറി പ്രാവർത്തികമാക്കിയിട്ട് കഴിഞ്ഞ 30-40 വർഷത്തിലേറെയായി ഒരു പുതിയ അണക്കെട്ട് പോയിട്ട് ഒരു ജലസേചന പ​ദ്ധതി പോലുമുണ്ടായിട്ടില്ല. ജലവിതരണത്തിൽ മുമ്പന്തിയിലുണ്ടെന്ന് പറയുന്ന വാട്ടർ അതോറിറ്റിക്ക് പോലും വേനൽക്കാലത്ത് വറ്റിവരളുന്ന ആറുകളെയല്ലാതെ ആശ്രയം വേറെ ജലശ്രോതസില്ലെന്നതും പരിവേദ്യം. ഇതിനിടയിലും ഒരു ചോദ്യം? നിലവിലുള്ള അണക്കെട്ടുകൾ ഉപയോ​ഗിക്കുന്നുണ്ടോ, കേരളത്തിന്റെ ജലസംഭരണത്തിന്?

റാന്നിയിലെ വെള്ളപ്പൊക്കം അലംഭാവത്തിന്റെ സൃഷ്ടിയോ? 

അതെ. എന്നുവേണം ചില കാര്യങ്ങൾ ചേർത്തെടുക്കുമ്പോൾ കൂട്ടിവായിക്കാൻ. റാന്നി, വടശേരിക്കര പ്രദേശങ്ങളുടെ ജലസംഭരണണത്തിന് മാത്രമല്ല, സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദനത്തിലും കാര്യമായ സംഭാവന നൽകിയിരുന്ന മണിയാർ അണക്കെട്ടും വൈദ്യുതി ഉത്പാദക യൂണിറ്റും അടച്ചുപൂട്ടിയിട്ട് 3 വർഷം കഴിഞ്ഞു. വൈദ്യുതി ഉത്പാദനത്തിലെ കരാറിലുള്ള അഴിമതി മറ്റൊരു വഴി. പക്ഷേ, തുരുമ്പിച്ചെന്ന് പറയുന്ന ഷട്ടറുകൾ മാറ്റിയെടുക്കാൻ തുടങ്ങിയിട്ട് 3 വർഷം. റാന്നിയെ മൂടുന്ന വെള്ളത്തിന്റെ രണ്ടിൽമൂന്ന് ഭാ​ഗം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു അണക്കെട്ട് തുറന്നിട്ടിട്ട് പറയുകയാണ് മുങ്ങുന്നേ... മുങ്ങുന്നേ എന്ന്. ഇതിനൊക്കെ കൃത്യമായ ജനകീയ ഓഡിറ്റിം​ഗ് ഇല്ലാത്തതുകൊണ്ട്, വലിയെടാ വലി... പ്രളയം പിന്നെയും പഠിപ്പിച്ചോളും!!!