ട്രംപിന്റെ ഇറക്കുമതി തീരുവ; 100 ബില്യണ്‍ ഡോളര്‍ തിരികെ നല്‍കി അമേരിക്കന്‍ ഭരണകൂടം

ട്രംപിന്റെ ഇറക്കുമതി തീരുവ; 100 ബില്യണ്‍ ഡോളര്‍ തിരികെ നല്‍കി അമേരിക്കന്‍ ഭരണകൂടം


അടിയന്തര സാമ്പത്തിക നിയമം ദുരുപയോഗം ചെയ്‌തെന്ന കോടതിയുടെ കണ്ടെത്തല്‍; റക്കുമതിക്കാര്‍ക്ക് വന്‍ റീഫണ്ട്, ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടാകുമോ എന്നത് ഇപ്പോഴും ചോദ്യചിഹ്നം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ക്ക് വലിയ തിരിച്ചടിയായി, ഭരണകൂടം ഈടാക്കിയിരുന്ന ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി തീരുവ തിരിച്ചുനല്‍കേണ്ടി വന്നു. അടിയന്തര സാമ്പത്തിക അധികാര നിയമത്തിന്റെ പേരില്‍ ചുമത്തിയിരുന്ന താരിഫുകള്‍ക്ക് നിയമസാധുതയില്ലെന്ന് യു എസ് സുപ്രിം കോടതി വിധിച്ചതിനെ തുടര്‍ന്നാണ് ഈ വമ്പന്‍ റീഫണ്ട്. പ്രസ്തുത നടപടി അമേരിക്കന്‍ വ്യാപാര ചരിത്രത്തിലെ ഏറ്റവും വലിയ താരിഫ് റീഫണ്ടുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

166 ബില്യണ്‍ ഡോളര്‍ ഈടാക്കി; 100 ബില്യണ്‍ ഡോളര്‍ തിരിച്ചുനല്‍കി

കോടതി രേഖകള്‍ പ്രകാരം, ട്രംപ് ഭരണകൂടം ഈടാക്കിയ മൊത്തം 166 ബില്യണ്‍ ഡോളര്‍ താരിഫില്‍ ഏകദേശം 60 ശതമാനത്തോളമായ 100 ബില്യണ്‍ ഡോളറിലധികമാണ് ജൂലൈ 31-നകം ഇറക്കുമതിക്കാര്‍ക്ക് തിരിച്ചുനല്‍കിയത്. പലിശ ഉള്‍പ്പെടെയാണ് ഈ തുക റീഫണ്ടായി വിതരണം ചെയ്തത്.

അമേരിക്കന്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്തുവിട്ട വിവരമനുസരിച്ച്, 128.68 ബില്യണ്‍ ഡോളറിന്റെ റീഫണ്ട് അപേക്ഷകള്‍ പ്രോസസിംഗിനായി അംഗീകരിക്കപ്പെട്ടിരുന്നു. ഇതില്‍ ഏകദേശം 100 ബില്യണ്‍ ഡോളര്‍ ട്രഷറി വകുപ്പിന് കൈമാറി വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ട്രംപിന്റെ താരിഫ് നയത്തിന് കോടതിയുടെ കടുത്ത തിരിച്ചടി

ട്രംപ് പ്രസിഡന്റ് ആയിരുന്ന കാലത്ത് അമേരിക്കയുടെ വ്യാപാര പങ്കാളികളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി ഉത്പന്നങ്ങള്‍ക്ക് വ്യാപകമായ താരിഫുകളാണ് ചുമത്തിയത്. ഇതിനായി അദ്ദേഹം അടിയന്തിര സാമ്പത്തിക അധികാര നിയമമാണ് ഉപയോഗിച്ചത്. 

എന്നാല്‍ പ്രസിഡന്റിന് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇത്ര വ്യാപകമായ ഇറക്കുമതി തീരുവകള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം ഈ നിയമം നല്‍കുന്നില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. അതോടെ പ്രസ്തുത നിയമപ്രകാരം ഈടാക്കിയിരുന്ന താരിഫുകള്‍ അസാധുവാകുകയും സര്‍ക്കാര്‍ ഈടാക്കിയ തുക തിരിച്ചുനല്‍കേണ്ട സാഹചര്യം രൂപപ്പെടുകയും ചെയ്തു.

റീഫണ്ട് ലഭിച്ചത് കമ്പനികള്‍ക്ക്; ഉപഭോക്താക്കള്‍ക്ക് എന്ത്?

റീഫണ്ട് നേരിട്ട് അമേരിക്കന്‍ ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇറക്കുമതി തീരുവ അടച്ച കമ്പനികള്‍ക്കാണ് തുക തിരിച്ചുനല്‍കിയത്. കമ്പനികള്‍ക്ക് ലഭിച്ച ഈ വന്‍തുക ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയായി കൈമാറുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്നാണ് ഇതിനെതിരെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ സാധാരണ അമേരിക്കക്കാര്‍ക്ക് ഈ തീരുമാനത്തിന്റെ സാമ്പത്തിക ഗുണം എത്രത്തോളം ലഭിക്കുമെന്നത് വ്യക്തമല്ല.

ട്രംപ് പുതിയ നിയമങ്ങള്‍ ഉപയോഗിച്ച് വീണ്ടും താരിഫ് ചുമത്തുന്നു

സുപ്രിം കോടതിയുടെ വിധി എതിരായി വന്നെങ്കിലും ട്രംപ് ഭരണകൂടം താരിഫ് നയം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. പകരം, മറ്റ് നിയമവ്യവസ്ഥകള്‍ ഉപയോഗിച്ചാണ് പുതിയ ഇറക്കുമതി തീരുവകള്‍ നടപ്പാക്കുന്നത്. 1974-ലെ ട്രേഡ് ആക്ടിലെ സെക്ഷന്‍ 301 പ്രകാരമുള്ള താരിഫുകളാണ് അതില്‍ പ്രധാനം. 

ഇതിലൂടെ അമേരിക്കന്‍ ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുകയെന്ന നയമാണ് ട്രംപ് ഭരണകൂടം തുടരുന്നത്.

ഈ സംഭവം അമേരിക്കന്‍ ഭരണകൂടത്തിന്റെ വ്യാപാര നയങ്ങളില്‍ കോടതികളുടെ ഇടപെടല്‍ എത്രത്തോളം നിര്‍ണായകമാണെന്ന് വ്യക്തമാക്കുന്നു. പ്രസിഡന്റിന്റെ അധികാരങ്ങള്‍ക്ക് ഭരണഘടനാപരമായ പരിധികളുണ്ടെന്നും വ്യാപാര നയങ്ങള്‍ പോലും നിയമപരമായ പരിശോധനയ്ക്ക് വിധേയമാണെന്നും സുപ്രിം കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു.