'ഏപ്രിലില്‍ അഞ്ച് പേര്‍ മാത്രമുള്ള ഒരു ചെറിയ മുറിയിലിരുന്നാണ് ഞങ്ങള്‍ സംസാരിച്ചുതുടങ്ങിയത്. വേദനയെയും ലക്ഷ്യത്തെയും കുറിച്ചുള്ള സത്യസന്ധമായ സംഭാഷണങ്ങളായിരുന്നു അവ. കഴിഞ്ഞ 15 മാസത്തിനിടെ അത്തരം 500-ലധികം കൂടിക്കാഴ്ചകള്‍ നടത്താന്‍ കഴിഞ്ഞു,' മിഷിഗണിലെ ഡെമോക്രാറ്റിക് പ്രൈമറിയില്‍ കോണ്‍ഗ്രസ് അംഗം ഹേലി സ്റ്റീവന്‍സിനെ അതിനാടകീയമായ പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയ എല്‍-സയീദ് വിജയത്തിന് ശേഷം പറഞ്ഞതിങ്ങനെ.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുകള്‍ അപൂര്‍വമല്ല. ഏഴ് വര്‍ഷം മുമ്പ് കനത്ത തോല്‍വി ഏറ്റുവാങ്ങി രാഷ്ട്രീയത്തിന്റെ അരികുകളിലേക്ക് ഒതുങ്ങിപ്പോയ വ്യക്തിയായിരുന്നു അബ്ദുല്‍ എല്‍ സയീദ്. അദ്ദേഹമാണ് ഇന്ന് രാജ്യത്തെ ഏറ്റവും നിര്‍ണായകമായ സെനറ്റ് മത്സരങ്ങളിലൊന്നില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മാറിയിരിക്കുന്നത്.
എല്‍-സയീദ് നവംബറില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ കോണ്‍ഗ്രസ് അംഗവുമായ മൈക്ക് റോജേഴ്സിനെയാണ് നേരിടുക. അമേരിക്കന്‍ സെനറ്റിന്റെ നിയന്ത്രണം നിര്‍ണയിക്കാന്‍ സാധ്യതയുള്ള ഈ മത്സരം ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം കൂടിയാണ്.
ഒന്നര ദശലക്ഷത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ വെറും 14,893 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് എല്‍-സയീദിനെ വിജയത്തിലെത്തിച്ചത്. ശതമാനക്കണക്കിലെടുത്താല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു വോട്ടു വ്യത്യാസം. ഫലം അത്രയും കടുത്തതായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് രാത്രിയില്‍ പോലും അദ്ദേഹം വിജയപ്രഖ്യാപനം നടത്താതെ വേദി വിട്ടു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഔദ്യോഗികമായി വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്.
എന്നാല്‍ രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍ വിജയത്തിന്റെ ഭൂരിപക്ഷമല്ല, അതിന്റെ സന്ദേശമാണ് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നത്.
അമേരിക്കയിലെ പുരോഗമന രാഷ്ട്രീയത്തിന്റെ പ്രമുഖ നേതാവായ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് ഇതിനെ 'ആധുനിക അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഏറ്റവും അസാധാരണമായ വിജയങ്ങളിലൊന്ന്' എന്നാണ് എല്‍- സയീദിന്റെ വിജയത്തെ വിശേഷിപ്പിച്ചത്.
41-കാരനായ അബ്ദുല്‍ എല്‍-സയീദ് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ട ഒരു പൊതുപദവിയും വഹിച്ചിട്ടില്ല. 2018-ല്‍ മിഷിഗണ്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഗ്രെച്ചന്‍ വിറ്റ്മറിനോട് 20 ശതമാനത്തിലധികം വോട്ടിനാണ് അദ്ദേഹം തോറ്റത്.
അന്നത്തെ തോല്‍വിക്ക് ശേഷം അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനിന്നുവെന്നതാണ് വാസ്തവം. ഒരു പോഡ്കാസ്റ്റ് തുടങ്ങി, പുസ്തകം രചിച്ചു, യൂട്യൂബിലും ടെലിവിഷനിലും സ്ഥിരസാന്നിധ്യമായി. പൊതുജനാരോഗ്യ വിദഗ്ധനെന്ന തന്റെ പശ്ചാത്തലം ഉപയോഗപ്പെടുത്തി സമൂഹവുമായി ബന്ധം നിലനിര്‍ത്തുകയും അനുയോജ്യമായ രാഷ്ട്രീയ അവസരത്തിനായി കാത്തിരിക്കുകയും ചെയ്തു.
പ്രതീക്ഷിക്കാതെയാണ് പ്രസ്തുത അവസരം എല്‍- സയീദിനെ തേടി എത്തിയത്. നിലവിലെ സെനറ്റര്‍ ഗാരി പീറ്റേഴ്സ് വീണ്ടും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ മിഷിഗണില്‍ തുറന്ന സെനറ്റ് സീറ്റ് രൂപപ്പെട്ടു. അതാണ് എല്‍-സയീദിന്റെ തിരിച്ചുവരവിന് വഴിതുറന്നത്.
2025 ഏപ്രിലില്‍ വെറും നാല് അംഗങ്ങളുള്ള സംഘവുമായാണ് എല്‍- സയീദ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
പ്രചാരണത്തിനിടെ അദ്ദേഹം 110 നഗരങ്ങള്‍ സന്ദര്‍ശിക്കുകയും 500-ലധികം പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. അതിനൊപ്പം വളര്‍ന്ന സന്നദ്ധപ്രവര്‍ത്തക ശൃംഖല ഒടുവില്‍ വ്യാപിച്ചത് 12,000 പേരിലേക്കായിരുന്നു.
പ്രചാരണത്തില്‍ സന്നദ്ധപ്രവര്‍ത്തകയായി ചേര്‍ന്ന ജൂലി ബ്രിങ്കിന്റെ വാക്കുകളില്‍, തുടക്കത്തില്‍ ഈ പ്രചാരണം ഒരു 'അണ്ടര്‍ഡോഗ്' ശ്രമം മാത്രമായിരുന്നു. എന്നാല്‍ ചെറിയ ചെറിയ മുന്നേറ്റങ്ങളിലൂടെ അത് ശക്തമായ ജനകീയ പ്രസ്ഥാനമായി മാറുകയായിരുന്നു.
പൊതുപദവിയില്‍ ഇല്ലാതിരുന്ന വര്‍ഷങ്ങളില്‍ മാധ്യമങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ച എല്‍- സയീദ്, അതേ അനുഭവമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രയോജനപ്പെടുത്തിയത്.
ടെലിവിഷന്‍ അഭിമുഖങ്ങള്‍ക്കൊപ്പം പോഡ്കാസ്റ്റുകള്‍, യൂട്യൂബ് ചാനലുകള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവരെയും അദ്ദേഹം സജീവമായി ഉപയോഗിച്ചു. വിവാദ സ്ട്രീമറായ ഹസന്‍ പൈക്കറുമായുള്ള അഭിമുഖങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചെങ്കിലും യുവ വോട്ടര്‍മാരിലേക്കും ഓണ്‍ലൈന്‍ സമൂഹങ്ങളിലേക്കും എത്താന്‍ ഈ തന്ത്രം സഹായിച്ചതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രചാരണത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് ജൂലൈ 5-നായിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിച്ചിരുന്ന സ്റ്റേറ്റ് സെനറ്റര്‍ മല്ലറി മക്മോറോ മത്സരത്തില്‍ നിന്ന് പിന്മാറി. ഇതോടെ മത്സരം എല്‍- സയീദും ഹേലി സ്റ്റീവന്‍സും തമ്മിലുള്ള നേര്‍ക്കുനേരായി.
തുടര്‍ന്ന് ഗ്രാന്‍ഡ് റാപ്പിഡ്‌സിലെ സന്നദ്ധപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത എല്‍- സയീദ് പറഞ്ഞ വാക്കുകള്‍ പിന്നീട് പ്രചാരണത്തിന്റെ മുദ്രാവാക്യമായി മാറി- 'ഈ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള അവസരം നമുക്കുണ്ട്. അതിലും പ്രധാനമായി, നമ്മുടെ രാഷ്ട്രീയത്തെ തന്നെ മാറ്റാനുള്ള അവസരമാണിത്. പണത്തിന്റെ ശക്തിക്കെതിരെ ജനങ്ങളുടെ പ്രസ്ഥാനം കെട്ടിപ്പടുക്കുകയാണ് നമ്മള്‍.'
പ്രൈമറി തെരഞ്ഞെടുപ്പില്‍ എല്‍- സയീദിനെതിരെ മിഷിഗണിലെ പ്രമുഖ ഡെമോക്രാറ്റിക് നേതാക്കളില്‍ പലരും ഹേലി സ്റ്റീവന്‍സിനെ പിന്തുണച്ചിരുന്നു. ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍, വിരമിക്കുന്ന സെനറ്റര്‍ ഗാരി പീറ്റേഴ്സ്, സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമര്‍ എന്നിവരുടെ പിന്തുണയും സ്റ്റീവന്‍സിനൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വിജയം പാര്‍ട്ടിയിലുണ്ടാക്കിയ ഭിന്നതകളെ മാറ്റി
എല്ലാവരേയും ഒന്നിപ്പിക്കുകയെന്നതാണ് എല്‍-സയീദിന്റെ ആദ്യ വെല്ലുവിളി. വിജയത്തിന് പിന്നാലെ മുന്‍ എതിരാളിയായ മല്ലറി മക്മോറോയും മിഷിഗണ്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷന്‍ കര്‍ട്ടിസ് ഹെര്‍ട്ടലും അദ്ദേഹത്തോടൊപ്പം വേദിയിലെത്തിയത് ഐക്യത്തിന്റെ ആദ്യ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്.
യു എസിലെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മിഷിഗണ്‍. അതിനാല്‍ നവംബറില്‍ നടക്കുന്ന സെനറ്റ് തെരഞ്ഞെടുപ്പ് ഒരു സംസ്ഥാനത്തിന്റെ മാത്രം രാഷ്ട്രീയമായിരിക്കില്ല എടുത്തുകാട്ടുക. അമേരിക്കന്‍ സെനറ്റിന്റെ നിയന്ത്രണവും ദേശീയ രാഷ്ട്രീയത്തിന്റെ ഭാവിയും നിര്‍ണയിക്കാന്‍ കെല്‍പും സാധ്യതയുമുള്ള മത്സരമായിരിക്കുമത്.
ഏഴ് വര്‍ഷം മുമ്പ് പരാജയപ്പെട്ട് രാഷ്ട്രീയത്തിന്റെ നിഴലിലേക്ക് മാറിയ അബ്ദുല്‍ എല്‍- സയീദ് ഇന്ന് പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. ഈ ഉയര്‍ച്ച താത്ക്കാലിക രാഷ്ട്രീയ അത്ഭുതമാകുമോ, അതോ അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ ദിശയെ നിര്‍ണയിക്കുന്ന ചരിത്രമുഹൂര്‍ത്തമാകുമോ എന്നറിയാന്‍ ഇനി നവംബര്‍ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം.
