നാസയുടെ ആർട്ടെമിസ് II ദൗത്യത്തിൽ ചരിത്രപ്രാധാന്യമുള്ള ഒരു ഘട്ടത്തിലേക്ക് ഇന്ന് പ്രവേശിക്കും. പേടകം ചന്ദ്രന്റെ പിന്നിലൂടെ സഞ്ചരിക്കുന്നതിനിടെ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെടും.
തിങ്കളാഴ്ച രാത്രി 23:47 (BST)ഓടെ ബഹിരാകാശനൗക ചന്ദ്രന്റെ മറുവശത്ത് എത്തുമ്പോൾ, റേഡിയോയും ലേസർ സിഗ്നലുകളും തടസ്സപ്പെടും. ഇതോടെ, നാലംഗ സംഘം പൂർണമായും ഒറ്റപ്പെടുന്ന അവസ്ഥയാകും.
ഈ സമയത്ത്, ബഹിരാകാശ യാത്രികർക്ക് ഭൂമിയുമായി യാതൊരു ആശയവിനിമയവും ഉണ്ടായിരിക്കില്ല. 'ഈ സമയം ലോകം ഒന്നായി പ്രാർത്ഥിക്കാനുള്ള അവസരമാകട്ടെ,' എന്ന് ആർട്ടെമിസ് പൈലറ്റ് വിക്ടർ ഗ്ലോവർ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു
ഇത്തരം അനുഭവം ആദ്യമല്ല. 1969ലെ അപ്പോളോ 11 ദൗത്യത്തിൽ മൈക്കൽ കോളിൻസ് ചന്ദ്രന്റെ മറുവശത്ത് സഞ്ചരിക്കുമ്പോൾ 48 മിനിറ്റ് ബന്ധം നഷ്ടപ്പെട്ടിരുന്നു. അതിനെ 'പൂർണമായ ഒറ്റപ്പെട്ട അനുഭവം' എന്നായിരുന്നു അദ്ദേഹത്തിന്റെ വിവരണം.
ഇപ്പോൾ, ഭൂമിയിൽ നിന്നുള്ള നിയന്ത്രണ കേന്ദ്രങ്ങൾക്കും ഈ സമയം ആശങ്കയേറിയതാണ്. ഇംഗ്ലണ്ടിലെ ഗൂൺഹില്ലി സ്റ്റേഷനിൽ നിന്ന് ബഹിരാകാശനൗകയുടെ സിഗ്നലുകൾ നിരീക്ഷിച്ചുവരികയാണ്. ബന്ധം വീണ്ടും ലഭിക്കുന്ന നിമിഷം വലിയ ആശ്വാസമായിരിക്കും.
ഭാവിയിൽ ഇത്തരം ആശയവിനിമയ തടസ്സങ്ങൾ ഒഴിവാക്കാൻ ചന്ദ്രനെ ചുറ്റി സാറ്റലൈറ്റ് ശൃംഖലകൾ സ്ഥാപിക്കുന്ന പദ്ധതികളും പുരോഗമിക്കുകയാണ്.
40 മിനിറ്റ് നീളുന്ന ഈ നിശ്ശബ്ദതയ്ക്ക് ശേഷം സിഗ്നൽ തിരിച്ചെത്തുമ്പോൾ, ലോകം മുഴുവൻ ആശ്വാസനിശ്വാസം വിടുമെന്നാണ് പ്രതീക്ഷ.
ചന്ദ്രന്റെ പിന്നിലൂടെ സഞ്ചരിക്കുന്ന 40 മിനിറ്റ് ഭൂമിയുമായുള്ള ബന്ധം നിലയ്ക്കും; ആർട്ടെമിസ് ദൗത്യത്തിലെ നിർണായക ഘട്ടം
