വാഷിംഗ്ടൺ: മധ്യപൂർവേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനിടെ ഡോണൾഡ് ട്രംപ് ഇറാനെതിരെ പുറപ്പെടുവിച്ച പുതിയ ഭീഷണിക്ക് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നു. യുഎസിന്റെ മാനദണ്ഡമായ വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 115.48 ഡോളറായി ഉയർന്നു. 3.5 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. അതേസമയം അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെൻഡ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 109.65 ഡോളറിലേക്കും ഉയർന്നു.
ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ആക്രമിക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയതാണ് വിപണിയിൽ ആശങ്ക വർധിപ്പിച്ചത്. നേരത്തെ നൽകിയ 48 മണിക്കൂർ സമയം പിന്നീട് ചൊവ്വാഴ്ച രാത്രി 8 മണിവരെ നീട്ടുകയും ചെയ്തു.
ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാൻ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്ന് ഇറാൻ ഉപ വിദേശകാര്യമന്ത്രി കാസിം ഘരീബാബാദി പറഞ്ഞു. സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിച്ചാൽ 'കൂടുതൽ വ്യാപകവും ഭീകരവുമായ തിരിച്ചടി' ഉണ്ടാകുമെന്ന് ഇറാൻ സൈന്യവും മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28 മുതൽ യുഎസും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിലെ സംഘർഷം തുടർച്ചയായി ഉയരുകയാണ്. ഇതിനിടെ പെർഷ്യൻ ഗൾഫിലെ പ്രധാന കടൽമാർഗമായ ഹോർമുസ് കടലിടുക്ക് ഇറാൻ തടഞ്ഞത് ആഗോള എണ്ണവിതരണത്തെ വലിയ രീതിയിൽ ബാധിച്ചു. ലോകത്തിലെ പ്രധാന എണ്ണഗതാഗത പാതകളിലൊന്നായ ഈ കടലിടുക്ക് അടഞ്ഞതോടെ വിപണിയിൽ വിതരണ ആശങ്ക വർധിക്കുകയും എണ്ണവില കുതിച്ചുയരുകയും ചെയ്തതായി വിലയിരുത്തുന്നു.
ട്രംപിന്റെ ഇറാൻ ഭീഷണിക്ക് പിന്നാലെ എണ്ണവിലയിൽ കുതിപ്പ്; ബാരലിന് 115 ഡോളർ കടന്നു
