'ഇസ്ലാമാബാദ് അക്കോർഡ് ' ചർച്ചയിൽ; അമേരിക്ക-ഇറാൻ സംഘർഷത്തിന് 45 ദിവസത്തെ വെടിനിർത്തൽ നിർദേശം

'ഇസ്ലാമാബാദ്  അക്കോർഡ് ' ചർച്ചയിൽ; അമേരിക്ക-ഇറാൻ സംഘർഷത്തിന് 45 ദിവസത്തെ വെടിനിർത്തൽ നിർദേശം


ഇസ്ലാമാബാദ് :  മധ്യപൂർവേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കക്കും ഇറാനും മുന്നിൽ പുതിയ സമാധാന നിർദേശം എത്തിയതായി റിപ്പോർട്ട്. പാകിസ്ഥാൻ ഇടനിലക്കാരനായി മുന്നോട്ടുവച്ച ഈ പദ്ധതി 'ഇസ്ലാമാബാദ് അക്കോർഡ്' എന്ന പേരിലാണ് അറിയപ്പെടുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ രണ്ട് ഘട്ടങ്ങളുള്ള പദ്ധതിയാണ് നിർദേശിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഉടൻ പ്രാബല്യത്തിൽ വരുന്ന വെടിനിർത്തലും, തുടർന്ന് സമഗ്ര കരാറിലേക്കുള്ള ചർച്ചകളും ഉൾപ്പെടും.

പദ്ധതി നടപ്പായാൽ പ്രധാന എണ്ണഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനാകും. ഇത് ആഗോള എണ്ണവിതരണത്തിലെ പ്രതിസന്ധി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

റിപ്പോർട്ടുകൾ പ്രകാരം 15 മുതൽ 20 ദിവസത്തിനുള്ളിൽ വിപുലമായ കരാർ അന്തിമരൂപം നൽകാനാണ് ലക്ഷ്യം. അവസാന ഘട്ടത്തിൽ ഇസ്ലാമാബാദിൽ നേരിട്ടുള്ള ചർച്ചകളും നടക്കും.

ഇതിനിടെ, പാകിസ്ഥാൻ സൈന്യാധിപൻ അസിം മുനീർ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി തുടർച്ചയായി ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുണ്ട്.

അന്തിമ കരാറിന്റെ ഭാഗമായി ഇറാൻ ആണവായുധ പദ്ധതി പിന്തുടരില്ലെന്ന ഉറപ്പും, അതിന് പകരമായി സാമ്പത്തിക ഉപരോധങ്ങൾ ഇളവ് ചെയ്യുന്നതും ഉൾപ്പെടാമെന്നാണ് സൂചന. എന്നാൽ നിർദേശത്തിന് ഇതുവരെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല. ബന്ധപ്പെട്ട രാജ്യങ്ങൾ ഔദ്യോഗികമായി പ്രതികരിക്കാനുണ്ട്.