ഫിഫ ലോകകപ്പ് ഫുട്ബാളില്‍ ഇറാന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഉറപ്പായില്ല

ഫിഫ ലോകകപ്പ് ഫുട്ബാളില്‍ ഇറാന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഉറപ്പായില്ല


വാഷിംഗ്ടണ്‍: ലോകകപ്പ് ഫുട്ബാളിന് കേവലം  70 ദിവസം മാത്രം ബാക്കിയായിരിക്കെ മത്സരത്തില്‍ ഇറാന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പോലും അന്തിമ ഉറപ്പായില്ല. ഫിഫ ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിലൊന്നായ യു എസുമായും  ഇസ്രായേലുമായും ഇറാന്‍ നിലവില്‍ യുദ്ധത്തിലാണ്. അതുകൊണ്ടുതന്നെ മത്സരങ്ങള്‍ യു എസിന് പുറത്തേക്ക് മാറ്റാന്‍ ഇറാന്‍ ആവശ്യപ്പെട്ടെങ്കിലും ഫിഫ ആദ്യം അഭ്യര്‍ഥന നിരസിക്കുകയായിരുന്നു. എങ്കിലും കാര്യമായ പ്രതികരണം നടത്തിയിട്ടില്ല. 

ടൂര്‍ണമെന്റില്‍ രാജ്യത്തിന്റെ പങ്കാളിത്തം അവരുടെ മത്സരങ്ങള്‍ യു എസിന് പുറത്തേക്ക് മാറ്റുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഇറാന്‍ കായിക മന്ത്രി അഹമ്മദ് ഡോണമാലി പറഞ്ഞു. ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് എന്നിവരോടൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇറാന്‍. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ലോസ് ഏഞ്ചല്‍സ്, സിയാറ്റില്‍ എന്നീ രണ്ട് യു എസ് നഗരങ്ങളില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

കളിയുടെ സ്ഥലം മാറ്റണമെന്ന ഫിഫയോടുള്ള തങ്ങളുടെ അഭ്യര്‍ഥന അംഗീകരിക്കപ്പെട്ടാല്‍ ലോകകപ്പില്‍ ഇറാന്‍ പങ്കെടുക്കുമെന്ന് ഉറപ്പാകുമെന്നും ഡോണമാലി ഞായറാഴ്ച തുര്‍ക്കിയിലെ അനഡോലു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇറാനും യു എസ് എയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഈ പ്രസ്താവന. സ്വന്തം ജീവനും സുരക്ഷയ്ക്കും വേണ്ടി അവര്‍ അവിടെ ഉണ്ടായിരിക്കുന്നത് ഉചിതമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. 

ട്രംപിന്റെ അഭിപ്രായത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ എത്തിയ ഇറാന്‍ ഫുട്‌ബോള്‍ ടീം 'ഇറാന്‍ ദേശീയ ടീമിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല' എന്ന് പറഞ്ഞു.

ഇറാന്‍ ദേശീയ ടീമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് ട്രംപ് വ്യക്തമായി പറഞ്ഞതോടെ തങ്ങള്‍ തീര്‍ച്ചയായും അമേരിക്കയിലേക്ക് പോകില്ല,' എന്നാണ് ഇറാന്‍ ഫുട്‌ബോള്‍ മേധാവി മെഹ്ദി താജ് പിന്നീട് കൂട്ടിച്ചേര്‍ത്തത്. ഗ്രൂപ്പ് മത്സരങ്ങള്‍ നടത്താന്‍ മെക്‌സിക്കോയുമായി അവര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ  'നറുക്കെടുപ്പ് അനുസരിച്ച് മത്സരങ്ങള്‍ നടക്കേണ്ട സ്ഥലത്ത് തന്നെ നടക്കും' എ്ന്നാണ് കഴിഞ്ഞ ആഴ്ച ഐഎഫ്എഫ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പറഞ്ഞത്. 

ഈ സാഹചര്യങ്ങളില്‍ യു എസില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ ഇറാന്‍ പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും സുരക്ഷാ ഗ്യാരണ്ടികള്‍ നല്‍കിയാല്‍ തങ്ങളുടെ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുമെന്നും ഇറാന്‍ അറിയിച്ചു.