വാഷിംഗ്ടണ്‍ : 10 മില്യണ്‍ ഡോളറിന്റെ മയക്കുമരുന്നുമായി രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ യുഎസില്‍ പിടിയിലായതായി നീതിന്യായ വകുപ്പ് അറിയിച്ചു. കാലിഫോര്‍ണിയയിലെ ഫ്രെസ്നോയില്‍ നിന്നുള്ള സിമ്രന്‍ജിത് സിംഗ് (28), ഗുസിമ്രത് സിംഗ് (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 29 ന് ഇരുവരെയും ബോസ്റ്റണിലെ ഒരു ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി. നിലവില്‍ ഇവര്‍ ഫെഡറല്‍ കസ്റ്റഡിയിലാണ്. ട്രാക്ടര്‍ ട്രെയിലറിന്റെ ക്യാബില്‍ നിന്ന് 10.5 മില്യണ്‍ യുഎസ് ഡോളറിലധികം വിലമതിക്കുന്ന 400 കിലോഗ്രാം കൊക്കെയ്ന്‍ ലോക്കല്‍ പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് അവരെ പിടികൂടിയത്.
''ഈ ഒരൊറ്റ കേസില്‍ പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ അളവ് അസ്വസ്ഥവും അപകടകരവുമാണ്. ഈ പ്രതികള്‍ മസാച്യുസെറ്റ്സ് കമ്മ്യൂണിറ്റികളിലേക്ക് നിരോധിത മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനായി ഒരു ക്രോസ്-കണ്‍ട്രി ട്രിപ്പ് നടത്തിയതായി ആരോപിക്കപ്പെടുന്നു,'' യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ആക്ടിംഗ് അറ്റോര്‍ണി ജോഷ്വ എസ് ലെവി പറഞ്ഞു.
ചാര്‍ജ് ഷീറ്റ് പ്രകാരം, ജൂലൈ 29 ന് രാത്രി 10.15 ന്, രഹസ്യ ഏജന്റുമാര്‍ക്ക് മെത്താംഫെറ്റാമൈന്‍ എത്തിക്കുന്നതിനായി ആസൂത്രിതമായ ആന്‍ഡോവര്‍ വിലാസത്തില്‍ ഒരു വെളുത്ത ട്രാക്ടര്‍ ട്രെയിലര്‍ എത്തി. ആ ട്രാക്ടര്‍ ട്രെയിലറിന്റെ ഡ്രൈവറും അതിലെ യാത്രക്കാരനുമായ ഗുസിമ്രത് സിംഗ്, സിമ്രന്‍ജിത് സിംഗ് എന്നിവര്‍ 65 പൗണ്ട് മെത്താംഫെറ്റാമൈന്‍ രഹസ്യ ഏജന്റുമാര്‍ക്ക് കൈമാറി. ഉടന്‍ തന്നെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
10 മില്യണ്‍ ഡോളറിന്റെ മയക്കുമരുന്നുമായി രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ യുഎസില്‍ പിടിയില്‍
