ബേബിസിറ്ററുടെ പരിചരണത്തിനിടെ കാറിൽ കുടുങ്ങി 2 വയസ്സുകാരൻ മരിച്ചു

ബേബിസിറ്ററുടെ പരിചരണത്തിനിടെ കാറിൽ കുടുങ്ങി 2 വയസ്സുകാരൻ മരിച്ചു


ഫ്‌ളോറിഡ: ബേബിസിറ്ററുടെ പരിചരണത്തിലിരിക്കെ ചൂടേറിയ കാറിൽ കുടുങ്ങിയ രണ്ട് വയസ്സുകാരൻ മരിച്ചു. അമേരിക്കയിലെ ഫളോറിഡ് സംസ്ഥാനത്തെ ഹല്ലൻഡേൽ ബീച്ചിലാണ് ദാരുണ സംഭവം.

ഞായറാഴ്ച ഉച്ചയ്ക്ക് 1.35ഓടെ ഒരു വീട്ടിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസമയത്ത് പ്രദേശത്ത് അനുഭവപ്പെട്ട താപസൂചിക 101 ഡിഗ്രി ഫാരൻഹീറ്റിലെത്തിയിരുന്നു. കുട്ടി എത്രനേരം കാറിൽ കുടുങ്ങിക്കിടന്നുവെന്നത് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയുടെ മരണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ പൊലീസ്, വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ പിൻസീറ്റ് പരിശോധിക്കുന്നത് ഒരിക്കലും മറക്കരുതെന്ന് മാതാപിതാക്കളോടും രക്ഷിതാക്കളോടും പരിചരിക്കുന്നവരോടും അഭ്യർഥിച്ചു.

കിഡ്‌സ് ആൻഡ് കാർസ് ഡോട്ട് ഒആർജി (KidsAndCars.org) എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം, അമേരിക്കയിൽ ഈ വർഷം ചൂടേറിയ കാറുകളിൽ കുടുങ്ങി മരിക്കുന്ന പത്താമത്തെ കുട്ടിയാണ് ഇത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ കുറഞ്ഞത് 37 കുട്ടികളാണ് രാജ്യത്ത് മരിച്ചത്.