ലണ്ടൻ: ബ്രിട്ടൻ സന്ദർശനത്തിനെത്തുന്ന ഹാരി രാജകുമാരൻ ബക്കിംഗ്ഹാം കൊട്ടാരത്തിൽ താമസിക്കില്ല. ചൊവ്വാഴ്ച ലണ്ടനിൽ നടക്കുന്ന വിവിധ ജീവകാരുണ്യ പരിപാടികളിൽ പങ്കെടുക്കാനാണ് ഹാരിയുടെ യാത്ര. എന്നാൽ ചാൾസ് മൂന്നാമൻ രാജാവുമായോ രാജകുടുംബത്തിലെ മറ്റ് അംഗങ്ങളുമായോ അദ്ദേഹം കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
ആദ്യം ബക്കിംഗ്ഹാം കൊട്ടാരത്തിൽ താമസിക്കാനുള്ള ക്ഷണം ഹാരിയുടെ സംഘം നിരസിച്ചെങ്കിലും പിന്നീട് അത് സ്വീകരിക്കാമെന്ന് അറിയിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ അപ്പോഴേക്കും താമസസൗകര്യം നൽകാനാകില്ലെന്ന് രാജകൊട്ടാരം അറിയിച്ചെന്നാണ് ഹാരിയുടെ വക്താവ് വ്യക്തമാക്കിയത്. അവസാന നിമിഷത്തിൽ താമസ സൗകര്യം പിൻവലിച്ചതിൽ നിരാശയുണ്ടെന്നും വക്താവ് പറഞ്ഞു.
ഹാരിയുടെ ഭാര്യ മേഗനും മക്കളായ ആർച്ചിയും ലിലിബെറ്റും ഇത്തവണ ലണ്ടനിലേക്ക് എത്തിയിട്ടില്ല. സുരക്ഷാ ആശങ്കകളെത്തുടർന്നാണ് ഹാരി ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ജൂലൈ 9, 10 തീയതികളിൽ ബർമിംഗ്ഹാമിൽ നടക്കുന്ന പരിപാടികളിൽ മേഗനും കുട്ടികളും പങ്കെടുക്കുമോ എന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.
2020ൽ രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞ് അമേരിക്കയിലേക്ക് താമസം
മാറിയ ശേഷം ഹാരിക്കും കുടുംബത്തിനുമുള്ള സർക്കാർ സുരക്ഷ കുറച്ച ബ്രിട്ടീഷ്
സർക്കാരിന്റെ തീരുമാനത്തിനെതിരായ നിയമപോരാട്ടത്തിൽ ഹാരിക്ക് കഴിഞ്ഞ വർഷം
തിരിച്ചടിയേറ്റിരുന്നു. അതിനുശേഷം സ്വകാര്യ സുരക്ഷാ സംഘത്തിന്റെ
സംരക്ഷണത്തിലാണ് കുടുംബം സഞ്ചരിക്കുന്നത്.
2022ൽ എലിസബത്ത്
രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷമുള്ള ഹാരിയുടെ
ആദ്യ പൊതുപരിപാടി സന്ദർശനമാണിത്. ചാൾസ് രാജാവുമായുള്ള
കൂടിക്കാഴ്ചയുണ്ടാകുമോയെന്ന കാര്യത്തിലും രാജകൊട്ടാരം പ്രതികരിച്ചിട്ടില്ല.
