വാഷിങ്ടണ്‍: റിയല്‍ ഐ ഡിയോ പാസ്പോര്‍ട്ടോ ഇല്ലാതെ വിമാന യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് ഫെബ്രുവരി ഒന്നു മുതല്‍ 45 ഡോളര്‍ ഫീസ് ഈടാക്കുമെന്ന് യു എസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) പ്രഖ്യാപിച്ചു. ആദ്യം അറിയിച്ചിരുന്നത് 18 ഡോളറായിരുന്നു. പിന്നീട് അതില്‍നിന്നുള്ള വലിയ വര്‍ധനയാണിത്.
ടി എസ് എയുടെ വിശദീകരണപ്രകാരം മെച്ചപ്പെടുത്തിയ സുരക്ഷാ പരിശോധനകള്‍ക്കായി ആവശ്യമായ സോഫ്റ്റ്വെയര്‍, ജീവനക്കാരുടെ നിയമനം തുടങ്ങിയ ചെലവുകള്‍ നിറവേറ്റാനാണ് ഈ ഫീസ് ഉപയോഗിക്കുന്നത്. യാത്രക്കാരുടെ ബയോമെട്രിക്, വിവര പരിശോധന എന്നിവയ്ക്കുള്ള സാങ്കേതിക സംവിധാനത്തിനും ഇതിലൂടെ ധനസഹായം ലഭിക്കും.
അപര്യാപ്തമായ ഐഡി പരിശോധിക്കുന്ന ചെലവ് നികുതിദായകരില്‍ നിന്നല്ല, യാത്രക്കാരില്‍ നിന്നായിരിക്കും വരേണ്ടത് എന്നതാണ് ഈ ഫീസ് ഉറപ്പാക്കുന്നതെന്ന് ടി എസ് എയുടെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയുള്ള ആഡം സ്റ്റാള്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണനയെന്നും യാത്ര വൈകിപ്പോകാതിരിക്കാനും വിമാനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും എല്ലാ യാത്രക്കാരും ഉടന്‍ റിയല്‍ ഐഡി അല്ലെങ്കില്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ നേടണമെന്നും ആഡം സ്റ്റാള്‍ പറഞ്ഞു.
യാത്രക്കാര്‍ക്ക് ഈ ഫീസ് സുരക്ഷാ പരിശോധനാ പോയിന്റിലെത്തുന്നതിന് മുമ്പ് ഓണ്‍ലൈന്‍ വഴിയും അടയ്ക്കാനാകും. അടച്ചവര്‍ക്ക് ടി എസ് എ ഓഫീസര്‍മാര്‍ക്ക് കാണിക്കാനുള്ള ഇമെയില്‍ സ്ഥിരീകരണം ലഭിക്കും.
മുന്‍കൂര്‍ പണം അടക്കാത്തവരെ സുരക്ഷാ നിരയില്‍ നിന്ന് മാറ്റി നിര്‍ത്തി 30 മിനിറ്റ് വരെ സമയമെടുക്കുന്ന തിരിച്ചറിയല്‍ പരിശോധന നടത്തേണ്ടിവരും.
ടി എസ് എയുടെ കണക്കുകള്‍ പ്രകാരം യാത്രക്കാരില്‍ 94 ശതമാനത്തിലധികം പേര്‍ ഇതിനകം റിയല്‍ ഐഡി അല്ലെങ്കില്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളാണ് ഉപയോഗിക്കുന്നത്.
ഈ വര്‍ഷം മെയ് മുതല്‍ അമേരിക്കയിലെ ആഭ്യന്തര യാത്രകള്‍ക്കായി റിയല്‍ ഐഡി- ഡ്രൈവിംഗ് ലൈസന്‍സ്, എന്‍ഹാന്‍സ്ഡ് ഡ്രൈവര്‍ ലൈസന്‍സ്, അല്ലെങ്കില്‍ പാസ്പോര്‍ട്ട് പോലുള്ള അംഗീകരിച്ച മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്.
