വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ച് അമേരിക്ക വിജയം ആഘോഷിക്കുന്നതിനിടെ, ചർച്ചകളിൽ ഇന്ത്യ മുൻപെങ്ങുമില്ലാത്തവിധം കർക്കശമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭീഷണിയും സമ്മർദവും അംഗീകരിക്കില്ലെന്നും, ആവശ്യമെങ്കിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുംവരെ കാത്തിരിക്കുമെന്നും ഇന്ത്യ ട്രംപ് ഭരണകൂടത്തെ അറിയിച്ചതായാണ് റിപ്പോർട്ടിലുള്ളത്.
ട്രംപ് ഭരണകാലത്ത് ഏറ്റവും ഉയർന്ന തീരുവ ചുമത്തപ്പെട്ട രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. പതിറ്റാണ്ടുകളായി വ്യാപാര-പ്രതിരോധ മേഖലകളിൽ അടുത്ത പങ്കാളികളായിരുന്നിട്ടും, നരേന്ദ്ര മോഡിയും ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം നിലനിന്നിട്ടും, താരിഫ് യുദ്ധത്തിൽ ഇന്ത്യയെയാണ് ട്രംപ് കൂടുതൽ സമ്മർദത്തിലാക്കിയത്. മറ്റ് രാജ്യനേതാക്കൾ വാഷിംഗ്ടണിലെത്തി ട്രംപിനെ നേരിൽ കണ്ട് അമേരിക്കയ്ക്ക് ഗുണം ചെയ്യുന്ന കരാറുകൾക്ക് വഴങ്ങിയപ്പോൾ, ഇന്ത്യ അതിൽനിന്ന് വ്യത്യസ്തമായ വഴിയാണ് സ്വീകരിച്ചത്.
50 ശതമാനം വരെ തീരുവ ചുമത്തിയിട്ടും ട്രംപിന്റെ ആവശ്യങ്ങൾക്ക് ഇന്ത്യ വഴങ്ങിയില്ല. റഷ്യൻ എണ്ണ വാങ്ങിയെന്ന പേരിൽ അധിക തീരുവ ഏർപ്പെടുത്തിയിട്ടും ഇന്ത്യ ഇറക്കുമതി തുടരുകയായിരുന്നു. അതുപോലെ തന്നെ, ഇന്ത്യയുടെ കാർഷിക-ക്ഷീരമേഖലകൾ അമേരിക്കൻ ഉൽപന്നങ്ങൾക്ക് പൂജ്യം തീരുവയോടെ തുറക്കണമെന്ന ആവശ്യവും ഇന്ത്യ തള്ളിക്കളഞ്ഞു. ഈ മേഖലകൾ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ ഉറച്ചുനിന്നത്.
ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങൾക്ക് തീരുവ കുറയ്ക്കുമെന്ന സൂചനകൾ നൽകിയാണ് ട്രംപ് വ്യാപാരക്കരാർ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യ കരാറിനെ സ്വാഗതം ചെയ്തെങ്കിലും, വിശദാംശങ്ങളും വ്യവസ്ഥകളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കർഷകരുടെയും ക്ഷീരമേഖലയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന ഉറപ്പ് വാണിജ്യമന്ത്രി പീയുഷ് ഗോയൽ നൽകിയിട്ടുണ്ട്.
ഇതിനിടെയാണ് ചർച്ചകളിൽ ഇന്ത്യ സ്വീകരിച്ച കടുത്ത നിലപാട് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്. ഇന്ത്യയ്ക്ക് ദോഷകരമായ കരാർ അംഗീകരിക്കില്ലെന്നും, ആവശ്യമെങ്കിൽ ട്രംപ് ഭരണം അവസാനിക്കുംവരെ കാത്തിരിക്കാമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ സെപ്തംബറിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിലപാട് അറിയിച്ചത്. വ്യാപാര വിഷയങ്ങളിൽ ഭീഷണിയും വിലപേശലും വേണ്ടെന്നും, മുൻകാല യുഎസ് ഭരണകൂടങ്ങളുടെ സമാന ശ്രമങ്ങളെ ഇന്ത്യ നേരിട്ടിട്ടുണ്ടെന്നും ഡോവൽ ഓർമ്മിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു.
ട്രംപ് ഭരണകൂടത്തിലെ ചില ഉന്നതർ, പ്രത്യേകിച്ച് മുഖ്യ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങി ഇന്ത്യ യുക്രെയ്ൻ യുദ്ധത്തിന് ഇന്ധനം പകരുകയാണെന്നതടക്കമുള്ള ആരോപണങ്ങൾ ഡോവൽ അതിരുവിടുന്നതായി റൂബിയോയോട് വ്യക്തമാക്കിയതായാണ് വിവരം. ഇതിന് പിന്നാലെ വിമർശനങ്ങൾ ശമിക്കുകയും, ട്രംപ് മോഡിയുമായി സംസാരിക്കുകയും പിറന്നാളാശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം, ട്രംപ് പ്രഖ്യാപിച്ച വ്യാപാരക്കരാർ ഇന്ത്യയിൽ രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കി. കരാറിന്റെ വിശദാംശങ്ങൾ വ്യക്തമല്ലെന്നും, കർഷകരുടെ താൽപര്യങ്ങൾ സർക്കാർ അമേരിക്കയ്ക്ക് മുന്നിൽ വിട്ടുവെന്നുമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ വിമർശനം. അമേരിക്കൻ സമ്മർദത്തിലൂടെയാണ് ഇന്ത്യയ്ക്ക് അനുകൂലമല്ലാത്ത കരാർ ഉണ്ടായതെന്ന ആരോപണവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചിട്ടുണ്ട്.
വിരട്ടലും വിലപേശലും വേണ്ട, വേണമെങ്കിൽ ട്രംപിന്റെ കാലം കഴിയും വരെ കാത്തിരിക്കും'-യുഎസുമായുള്ള ചർച്ചകളിൽ ഇന്ത്യയുടേത് കർശന നിലപാട് ആയിരുന്നുവെന്ന് റിപ്പോർട്ട്
