വാഷിംഗ്ടണ്‍: ജയിലില്‍ കഴിയുന്ന പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരായ കേസുകള്‍ കൃത്രിമവും വ്യാജവുമാണെന്ന് ആരോപിച്ച് ആശങ്കകള്‍ പങ്കുവെച്ച് പാക്കിസ്ഥാന് നാഷണല്‍ അസംബ്ലിയുടെ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കാസിം ഖാന് സൂരി. പാകിസ്ഥാന് തെഹരീകെ ഇന്‍സാഫ് യു എസ് എ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് സൂരിയുടെ പ്രതികരണം. പാക്കിസ്ഥാന് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ അമേരിക്കയില്‍ ഊബര്‍ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യു എസില്‍ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ഊബര്‍ ഓടിച്ചാണ് ഉപജീവനമെങ്കിലും സത്യസന്ധമായ തൊഴില്‍ ചെയ്താണ് ജീവിക്കുന്നത് എന്നതില്‍ അഭിമാനമുണ്ടെന്ന് സൂരി പറഞ്ഞു.
പി ടി ഐ യു എസ് എ പങ്കുവെച്ച കുറിപ്പില്‍ ഡസന്‍കണക്കിന് വ്യാജ കേസുകളിലൂടെ സൂരിയെ പാക്കിസ്ഥാനില്‍ നിന്ന് പുറത്താക്കുകയും കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോകുകയും സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കുകയും ചെയ്തുവെന്ന് പറയുന്നു. ജനാധിപത്യം, നിയമവാഴ്ച, പാക്കിസ്ഥാന് ജനതയുടെ മാന്യത എന്നിവയ്ക്കായി ഇമ്രാന് ഖാനൊപ്പം നിന്നതിന് നിരവധി പേര് നല്കിയ വിലയാണിതെന്നും വ്യക്തമാക്കിയിരുന്നു.
നിലവിലെ പാക്കിസ്ഥാന് സര്‍ക്കാരിന്റെ അനീതിയും തെറ്റായ പ്രവര്‍ത്തനങ്ങളും എല്ലാവര്ക്കും അറിയാമെന്നും താന്‍ മാത്രമല്ല, എല്ലാ പാക്കിസ്ഥാന് പൗരന്മാരും അവരുടെ അനീതിയുടെ ഇരകളാണെന്നും സൂരി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനും ഭാര്യ ബുഷ്റ ബീബിയും വ്യാജ കേസുകളില്‍ ജയിലിലാണെന്നും അവരുടെ കുടുംബം നല്കിയ ത്യാഗങ്ങള്‍ എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും അവര്‍ സീല്‍ ചെയ്തതോടെ നിരവധി വെല്ലുവിളികള്‍ക്ക് ഒടുവിലാണ് താന്‍ അവിടെ നിന്ന് പുറത്തുകടന്നതെന്നും പറഞ്ഞ സൂരി ഒരിക്കലും ചെയ്യേണ്ടി വരുമെന്ന് കരുതാത്ത ജോലയാണ് ചെയ്യുന്നതെന്നും പറഞ്ഞു.
ഇമ്രാന് ഖാന്റെ ആരോഗ്യനില പാക്കിസ്ഥാനിലെ ജയിലില്‍ മോശമാകുന്നുവെന്ന കുടുംബത്തിന്റെ ആരോപണങ്ങള്‍ക്കിടെയാണ് ഈ പ്രതികരണം. ഖാനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് സൂരിയുടെ വെളിപ്പെടുത്തല്‍. മുന്‍ പ്രധാനമന്ത്രി ഭൂരിഭാഗം സമയവും ഏകാന്ത തടങ്കലിലാണെന്നും നിരവധി മാസങ്ങളായി അഭിഭാഷകര്‍ക്കും പി ടി ഐ നേതാക്കള്‍ക്കും അദ്ദേഹത്തെ കാണാന്‍ അനുമതി നിഷേധിക്കപ്പെടുകയാണെന്നും ആരോപണമുണ്ട്.
2018 ഓഗസ്റ്റ് 15 മുതല്‍ 2022 ഏപ്രില്‍ 16 വരെ പാക്കിസ്ഥാന് നാഷണല്‍ അസംബ്ലിയുടെ 19-ാമത് ഡെപ്യൂട്ടി സ്പീക്കറായാണ് കാസിം ഖാന് സൂരി സേവനമനുഷ്ഠിച്ചത്. 2018 ഓഗസ്റ്റ് മുതല്‍ 2023 ജനുവരി വരെ അദ്ദേഹം നാഷണല്‍ അസംബ്ലി അംഗവുമായിരുന്നു.
ഇമ്രാന് ഖാന് നയിച്ച മുന്‍ സര്‍ക്കാരിനെ അനുകൂലിച്ചുവെന്നാരോപിച്ച് തനിക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരുന്ന 2022-ലെ സഭാസമ്മേളനത്തിന് മുന്‍പാണ് സൂരി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.
