വാഷിംഗ്ടൺ: അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന നേതാവും സെനറ്ററുമായ മിച്ച് മക്കോണലിനെ ഫ്‌ളൂ പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻകരുതലെന്ന നിലയിലാണ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് ഡേവിഡ് പോപ്പ് അറിയിച്ചു.
'വാരാന്ത്യത്തിൽ ഫ്‌ളൂ ലക്ഷണങ്ങൾ തോന്നിയതിനെ തുടർന്ന് സെനറ്റർ സ്വമേധയാ ആശുപത്രിയിൽ പ്രവേശിച്ചു. ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിൽ സന്തുഷ്ടനാണ്. ജീവനക്കാരുമായി സ്ഥിരം ബന്ധത്തിലുണ്ട്. ഉടൻ തന്നെ സെനറ്റ് പ്രവർത്തനങ്ങളിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു,' വക്താവ് പറഞ്ഞു.
84 വയസുള്ള മക്കോണൽ കഴിഞ്ഞ ഫെബ്രുവരിയിൽ നിലവിലെ കാലാവധി പൂർത്തിയാകുന്നതോടെ സെനറ്റിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2023 മാർച്ചിൽ വാഷിംഗ്ടണിലെ ഹോട്ടലിൽ വീണ് തലച്ചോർ ക്ഷതവും വാരിയെല്ല് പൊട്ടലും സംഭവിച്ചതിനെ തുടർന്ന് അഞ്ച് ദിവസം ആശുപത്രിയിൽ കഴിഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിൽ സെനറ്റ് റിപ്പബ്ലിക്കൻ യോഗത്തിനിടെ വീണ്ടും വീണ് മുഖത്ത് ചെറിയ മുറിവും കൈമുട്ടിൽ പരിക്കുമേറ്റിരുന്നു.
18 വർഷം തുടർച്ചയായി സെനറ്റ് റിപ്പബ്ലിക്കൻ നേതാവായിരുന്ന മക്കോണൽ, ഇരു പാർട്ടികളിലെയും ഏറ്റവും ദീർഘകാലം സേവനമനുഷ്ഠിച്ച പാർട്ടി നേതാവെന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. 2024ൽ ആ സ്ഥാനത്ത് നിന്ന് പിന്മാറിയ അദ്ദേഹത്തിന്റെ പിൻഗാമിയായി ജോൺ ത്യൂണാണ് ഇപ്പോൾ സെനറ്റ് ഭൂരിപക്ഷ നേതാവ്.
അമേരിക്കൻ സെനറ്റർ മിച്ച് മക്കോണൽ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം
