മുസ്സൂറി: ഇന്ത്യൻ നാവികസേനയിലെ മുൻ കമാൻഡറും പദ്മശ്രീ ജേതാവുമായ ഹ്യൂ ഗാൻട്‌സർ (95) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.20ന് മുസ്സൂറിയിലെ ലാൻഡൂർ കമ്മ്യൂണിറ്റി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
1953 ഒക്ടോബർ 3ന് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ലഭിച്ച ഹ്യൂ ഗാൻട്‌സർ, 20 വർഷത്തെ പ്രശംസനീയ സേവനത്തിന് ശേഷം 1973 ഡിസംബർ 31ന് വിരമിച്ചു. ഐഎൻഎസ് രാജ്പുത്, ഡൽഹി, മൈസൂർ, ജമുന, ഖുക്രി തുടങ്ങിയ കപ്പലുകളിലും ഐഎൻഎസ് ഹംല, വൽസുര, ഗരുഡ, ഐഎൻഎസ് ഇന്ത്യ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു.
ബോംബെയിൽ സേവനത്തിലിരിക്കെ നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം ദക്ഷിണ നാവിക മേഖലയിലെ (സതേൺ നാവൽ ഏരിയ) ആദ്യ ജഡ്ജ് അഡ്വക്കേറ്റായും നിയമിതനായി.
വിരമിച്ച ശേഷം ഭാര്യ കോളീനിനൊപ്പം ഇന്ത്യയിലെ മുൻനിര ട്രാവൽ റൈറ്റർമാരായി മാറിയ ഗാൻട്‌സർ ദമ്പതികൾ 25ലധികം പുസ്തകങ്ങളും ദൂരദർശനുവേണ്ടി 52 ഡോക്യുമെന്ററികളും നിർമ്മിച്ചു. ഇന്ത്യൻ നേവിക്കായി 'സീഫോർട്ട് ഈസ്റ്റ്', 'സിറ്റഡൽ ഓഫ് ദ സീ' എന്നീ ഡോക്യുമെന്ററികളും ഒരുക്കി.
പദ്മശ്രീ അടക്കം ഏഴിലധികം ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹം നേടി. നാഷണൽ ടൂറിസം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡും പസഫിക് ഏരിയ ട്രാവൽ അസോസിയേഷന്റെ രണ്ട് ഗോൾഡ് അവാർഡുകളും ഇതിൽപ്പെടുന്നു.
സംസ്‌കാരച്ചടങ്ങുകൾ ബുധനാഴ്ച രാവിലെ 11ന് മുസ്സൂറി കാമൽസ് ബാക്ക് റോഡ് സെമിത്തേരിയിൽ നടക്കും.
പദ്മശ്രീ ജേതാവും മുൻ നാവിക ഉദ്യോഗസ്ഥനുമായ ഹ്യൂ ഗാൻട്‌സർ അന്തരിച്ചു
