വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സ്വാഗതം ചെയ്തു. വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ നിർണായക ധാതുക്കളുടെ കണ്ടെത്തൽ, ഖനനം, സംസ്‌കരണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ഔപചാരികമാക്കുന്നതിനുള്ള നടപടികളും ഇരുവരും ചർച്ച ചെയ്തു.
യുഎസ് ആതിഥേയത്വം വഹിക്കുന്ന ആദ്യ 'ധാതുക്കളുമായി ബന്ധപ്പെട്ട നിർണായക മന്ത്രിതല യോഗം' നടക്കാനിരിക്കെയാണ് ജയ്ശങ്കറുമായുള്ള റൂബിയോയുടെ ഏകാന്ത ചർച്ച. വ്യാപാരം, ഊർജം, ആണവം, പ്രതിരോധം, സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ തുടങ്ങിയ വിഷയങ്ങൾ സംഭാഷണത്തിൽ ഇടം പിടിച്ചതായി ജയ്ശങ്കർ എക്‌സിൽ കുറിച്ചു.
'ഇന്ത്യയും യുഎസും തമ്മിലെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു. പങ്കുവയ്ക്കുന്ന താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ വിവിധ സംവിധാനങ്ങളുടെ പ്രാരംഭ യോഗങ്ങൾ നടത്താനും ധാരണയായി,' ജയ്ശങ്കർ വ്യക്തമാക്കി.
ട്രംപ്-മോഡി വ്യാപാര കരാറിനെ ഇരുവരും സ്വാഗതം ചെയ്തതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സാമ്പത്തിക അവസരങ്ങൾ വർധിപ്പിക്കാനും ഊർജ സുരക്ഷ ശക്തിപ്പെടുത്താനും ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ ഊന്നിപ്പറഞ്ഞു.
ക്വാഡ് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര വേദികളിലൂടെ സഹകരണം വ്യാപിപ്പിക്കാനും ഇൻഡോ-പസഫിക് മേഖലയിലെ സ്ഥിരതയും സമൃദ്ധിയും സംയുക്ത മുൻഗണനകളുടെ കേന്ദ്രമാണെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് ജയ്ശങ്കർ-റൂബിയോ ചർച്ച; നിർണായക ധാതുക്കളിൽ സഹകരണം ശക്തമാക്കും
