മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകളുടെ അറ്റങ്ങള്‍ ഉരസി. പ്രാഥമിക വിവരങ്ങള്‍ പ്രകാരം ടാക്സിവേയിലാണ് ഇരുവിമാനങ്ങളുടെയും ചിറകിന്റെ അറ്റങ്ങള്‍ ഉരസിയത്.
മുംബൈയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം എഐ 2732 പുറപ്പെടുന്നതിന് പുഷ്ബാക്ക് നടത്തവെ ഹൈദരാബാദില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനം 6ഇ 791 ലാന്‍ഡിംഗിന് ശേഷം ടാക്സി ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
സംഭവസമയത്ത് ഇരുവിമാനങ്ങളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യാത്രക്കാരെ സുരക്ഷിതമായി വിമാനങ്ങളില്‍ നിന്ന് പുറത്തിറക്കി. എയര്‍ ഇന്ത്യയുടെ വിമാനത്തിന് ചിറകിന്റെ അറ്റത്ത് കേടുപാടുകള്‍ സംഭവിച്ചതായി എയര്‍ ഇന്ത്യ സ്ഥിരീകരിക്കുകയും മുന്‍കരുതല്‍ നടപടിയായി വിമാനം സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതായി അറിയിക്കുകയും ചെയ്തു. സാങ്കേതിക പരിശോധനകള്‍ക്കായി വിമാനം ഗ്രൗണ്ട് ചെയ്തിട്ടുണ്ടെന്നും ബാധിച്ച യാത്രക്കാര്‍ക്ക് പകരം സൗകര്യങ്ങള്‍ ഒരുക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇന്‍ഡിഗോയും തങ്ങളുടെ വിമാനം പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് അറിയിച്ചു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുംബൈ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
