ന്യൂഡല്‍ഹി: കരാറിന്റെ ഭാഗമായി ഇന്ത്യ യു എസില്‍ നിന്ന് പെട്രോളിയം, പ്രതിരോധ സാമഗ്രികള്‍, വിമാനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നത് വര്‍ധിപ്പിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അത്യധികം സംരക്ഷിതമെന്ന് ഇത്രയും ദിവസം പറഞ്ഞിരുന്ന കര്‍ഷിക മേഖലയില്‍ കൂടി യു എസിന് ഭാഗിക വിപണി പ്രവേശനം അനുവദിക്കുന്നുണ്ടെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങളിലെ അമേരിക്കന്‍ തീരുവകള്‍ 50 ശതമാനത്തില്‍ നിന്നു 18 ആയി കുറയ്ക്കുന്ന വ്യാപാര കരാറാണ് പ്രഖ്യാപിച്ചത്. അതിനു പകരമായി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തുകയും വ്യാപാര തടസ്സങ്ങള്‍ കുറയ്ക്കുകയും ചെയ്യും.
ഇന്ത്യ കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സമ്മതിച്ചതായും 500 ബില്യണ്‍ ഡോളര്‍ വരെ അതെത്താന്‍ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.
ടെലികോം, ഫാര്‍മസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യ വാങ്ങുമെന്നും ചില കര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി പ്രവേശനം നല്‍കുകയും ചെയ്തതായും ഇത് കരാറിന്റെ ഭാഗമായി ന്യൂഡല്‍ഹിയുടെ പ്രതിബദ്ധതയാണെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ത്യ അടുത്തിടെ യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി ചില കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി പ്രവേശനം അനുവദിച്ചിരുന്നു. അമേരിക്കന്‍ ആവശ്യങ്ങള്‍ അനുസരിച്ച് ആദ്യഘട്ട കരാര്‍ പൂര്‍ത്തിയാക്കുന്നതിന് ഇറക്കുമതി ചെയ്ത കാറുകളുടെ തീരുവയും ഇന്ത്യ കുറച്ചു.
ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി ജനുവരി- നവംബര്‍ കാലയളവില്‍ 15.88 ശതമാനം വര്‍ധിച്ച് 85.5 ബില്യണ്‍ ഡോളറും ഇറക്കുമതി 46.08 ബില്യണ്‍ ഡോളറുമാണെന്ന് സര്‍ക്കാര്‍ ഡേറ്റ കാണിക്കുന്നു.
അടുത്ത മാസങ്ങളില്‍ ഇന്ത്യ- അമേരിക്ക കൂടുതല്‍ സമഗ്ര കരാര്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ പ്രഖ്യാപനം ആഗോള അനിശ്ചിതത്വം കുറയ്ക്കുന്നതില്‍ സഹായിച്ചുവെന്നാണ് ന്യൂഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയുടെ സാമ്പത്തികകാര്യ മന്ത്രാലയ സെക്രട്ടറി അനുരാധ താക്കൂര്‍ പറഞ്ഞു. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയതായും നിരീക്ഷിച്ചു. ഇന്ത്യയുടെ സൂചിക നിഫ്റ്റി 50 ഏകദേശം 3 ശതമാനം വര്‍ധിച്ചു. രൂപ ഡോളറിനെതിരെ 1 ശതമാനം വര്‍ധിച്ച് 90.40 ആയി.
ഇന്ത്യയുടെ തീരുവ 18 ശതമാനമാണ്. ആസിയന്‍ രാജ്യങ്ങളില്‍ ഇന്തോനേഷ്യയില്‍ അമേരിക്കന്‍ തീരുവ 19 ശതമാനവും വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നീ ര്ാജ്യങ്ങളില്‍ 20 ശതമാനവുമാണ്.
മിക്ക ഇന്ത്യന്‍ ഉത്പന്നങ്ങളിലും അമേരിക്കന്‍ തീരുവ കുറയുന്നത് ഇന്ത്യയുടെ അമേരിക്കന്‍ കയറ്റുമതി വസ്തുക്കള്‍ക്ക് പുതുജീവനം നല്‍കുമെന്നും മൂഡീസ് റേറ്റിംഗ്സ് പ്രസ്താവനയില്‍ പറഞ്ഞു.
